ഓർമയിലെ ഇന്ന്: ജനുവരി 19- ചുനക്കര രാമൻകുട്ടി

At Malayalam
1 Min Read

മലയാള ചലച്ചിത്ര ഗാനരചയിതാക്കളിൽ പ്രമുഖനാണ് ചുനക്കര രാമൻകുട്ടി. 1936 ജനുവരി 19 ന് മാവേലിക്കരയിലെ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെടുന്നത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ആദ്യ കാലത്ത് അദ്ദേഹം ശ്രദ്ധേയനാകുന്നതും. പിന്നീട് നാടകരംഗത്ത് സജീവമായി. കൊല്ലം അസീസി, മലങ്കര തീയറ്റേഴ്സ്, നാഷണൽ തീയറ്റേഴസ്, കൊല്ലം ഗായത്രി, കേരള തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങൾക്കായി ഗാനങ്ങൾ എഴുതി. തിരുവനന്തപുരം മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതി തുടങ്ങി. 1977ൽ ആശ്രമം എന്ന സിനിമയിൽ (1978ൽ പുറത്തിറങ്ങിയത്) ഗാനങ്ങളെഴുതിയാണ് സിനിമാഗാന രചനാരംഗത്തേക്ക് ചുവടുവച്ചത്.

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു തിര പിന്നെയും തിര എന്ന സിനിമയിലെ ഗാനങ്ങൾ ചുനക്കര രാമൻകുട്ടിയെ പ്രശസ്തനാക്കി. സംഗീത സംവിധായകൻ ശ്യാമുമായി ചേർന്ന് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ രചിച്ചിരുന്നു. 1984ൽ മാത്രം മുപ്പതിലധികം ഗാനങ്ങളാണ് വിവിധ സിനിമകൾക്കായി അദ്ദേഹം രചിച്ചത്.

Share This Article
Leave a comment