വീട്ടില്‍ എലിശല്യമുണ്ടെങ്കില്‍ മിക്കവരും അത് അക്ഷരാര്‍ത്ഥത്തില്‍ ശല്യമായിത്തന്നെ ആണ് കണക്കാക്കുക. നമ്മുടെ സ്വൈര്യജീവിതത്തിന് ഒരു തടസം. ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാൻ സാധിക്കാത്ത പരുവത്തിലാക്കും. തുണികളും മറ്റ് അവശ്യസാധനങ്ങളും കരണ്ട് ശരിപ്പെടുത്തും എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് എലികളെക്കൊണ്ട് ആളുകള്‍ നേരിടുക. ഒപ്പം തന്നെ അതൊരു ശുചിത്വത്തിന്‍റെ പ്രശ്നവും ആശങ്കയും ഉയര്‍ത്തും.
എന്നാല്‍ ഇതിനെക്കാളെല്ലാം അധികം നമ്മുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് എലികളുയര്‍ത്തുന്നത് എന്നതാണ് സത്യം. എന്താണ് എലികളുയര്‍ത്തുന്ന വെല്ലുവിളി? എലിപ്പനിയെ കുറിച്ച് മാത്രമാണ് അധികപേര്‍ക്കും അറിയുക. അതുതന്നെ വേണ്ടത്ര ഗൗരവത്തോടെ ആളുകള്‍ എടുക്കാറില്ല.
എലിപ്പനി മാത്രമല്ല, കെട്ടോ എലികള്‍ പല രോഗങ്ങളെ കുറിച്ചുമുള്ള ഭീഷണി ഉയര്‍ത്താം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലതിലേക്ക്…
എലിപ്പനി…
ആദ്യമേ സൂചിപ്പിച്ചത് പോലെ ഏവര്‍ക്കുമറിയാവുന്ന, എലികളുണ്ടാക്കുന്നൊരു രോഗമാണ് എലിപ്പനി. ‘ലെപ്റ്റോസ്പൈറ’ എന്ന ബാക്ടീരിയ മനുഷ്യരിലും മൃഗങ്ങളിലുമെല്ലാമുണ്ടാക്കുന്ന അണുബാധയാണ് എലിപ്പനി. ശരിയായ ചികിത്സയെടുത്തില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകാവുന്ന അത്രയും ഗുരുതരമായ രോഗമാണ് എലിപ്പനി. തലച്ചോറിനെയും കരളിനെയും ശ്വാസകോശത്തെയുമെല്ലാം എലിപ്പനി ബാധിക്കാം.
എലികളുടെ മലമൂത്ര വിസര്‍ജ്ജ്യത്തിലൂടെയാണ് രോഗകാരിയായ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ഇത് പല മാര്‍ഗങ്ങളിലൂടെയും എത്താം.
റാറ്റ്-ബൈറ്റ് ഫീവര്‍…
കേള്‍ക്കുമ്പോള്‍ ഇതും എലിപ്പനിയാണെന്ന് തോന്നാം. പക്ഷേ ഇത് എലികളുടെ മലമൂത്രവിസര്‍ജ്ജ്യത്തിലൂടെയും, അതുപോലെ എലിയുടെ പല്ലോ നഖമോ എല്ലാം നേരിട്ട് കൊള്ളുന്നതിലൂടെയു മനുഷ്യശരീത്തിലെത്തുന്ന രണ്ട് തരം ബാക്ടീരിയകളുണ്ടാക്കുന്ന അണുബാധയാണ്. ‘സ്ട്രെപ്റ്റോബാസിലസ് മൊണിലിഫോമിസ്’, ‘സ്പൈറില്ലം മൈനസ്’ എന്നീ ബാക്ടീരിയകളാണ് റാറ്റ്- ബൈറ്റ് ഫീവറുണ്ടാക്കുന്നത്. ഇതും ചികിത്സ കിട്ടാതെ പോയാല്‍ ജീവന് പോലും ഭീഷണിയാകുന്ന നിലയിലേക്ക് വരാവുന്ന രോഗമാണ്.
സാല്‍മോണെല്ലോസിസ്…
‘സാല്‍മോണെല്ല’ എന്ന ബാക്ടീരിയയില്‍ നിന്നുണ്ടാകുന്ന അണുബാധയാണ് സാല്‍മോണെല്ലോസിസ്. പല മൃഗങ്ങളുടെയും പക്ഷികളുടെയും കുടലിനകത്ത് കാണപ്പെടുന്ന ബാക്ടീരിയ ആണിത്. ഇത് വിസര്‍ജ്ജ്യത്തിലൂടെ പുറത്തെത്തുകയും ഇത് ഏതെങ്കിലും രീതിയിലൂടെയും (മലിനമായ ഭക്ഷണം- വെള്ളമൊക്കെ പോലെ) മനുഷ്യശരീരത്തിലേക്ക് കയറുകയും ചെയ്യുന്നതോടെ അണുബാധയ്ക്ക് കളമൊരുങ്ങും.
പൊതുവില്‍ സാല്‍മോണെല്ലോസിസ് അത്ര തീവ്രമായ അവസ്ഥയല്ല. എന്നാല്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അവയവമാറ്റം കഴിഞ്ഞവര്‍, പ്രായമായവര്‍ എന്നിങ്ങനെ പ്രതിരോധശേഷി കുറഞ്ഞ വിഭാഗക്കാരില്‍ സാല്‍മോണെല്ലോസിസ് സങ്കീര്‍ണതകളുണ്ടാക്കാം.
പ്ലേഗ്…
പ്ലേഗ് രോഗത്തെ കുറിച്ച് കേള്‍ക്കാത്തവരായി കാണില്ല. പ്ലേഗ് മഹാമാരിയായി എത്തി നിരവധി ജീവനുകള്‍ കവര്‍ന്ന ചരിത്രം നമുക്കുണ്ട്. ഇന്ന് പ്ലേഗിനെതിരെ ഫലപ്രദമായ മരുന്നുണ്ട്. എങ്കിലും ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം ഇന്നും പ്ലേഗിന്‍റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.