ടിക്കറ്റ് പരിശോധനയിൽ ബംബറടിച്ച് റെയിൽവേ

At Malayalam
1 Min Read

തീവണ്ടി യാത്രയിലെ പിഴ ഇനത്തിൽ ബംബർ അടിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. ടിക്കറ്റ് ഇല്ലാത്ത യാത്ര, അനുവദനീയമായ അളവിൽ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകൽ തുടങ്ങിയവയുടെ പിഴ ഇനത്തില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഡിസംബറിൽ മാത്രം 3,49, 25,000 രൂപയാണ് ലഭിച്ചത്. ഇത്രയും വലിയ തുക പരിശോധനകളിലൂടെ ലഭിച്ചത് റെയിൽവേയെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയും തുക തിരുവനന്തപുരം ഡിവിഷനിൽ ഈ ഇനത്തിൽ ലഭിക്കുന്നത്. തുകയിൽ ഓരോ മാസം ചെല്ലുന്തോറും വർധനയുണ്ട് എന്നതും ശ്രദ്ധേയമാണ്.

നവംബറിൽ 2.84 കോടിയും ഒക്ടോബറിൽ 2.50 കോടിയും ആയിരുന്നു ഈ ഇനത്തിലെ വരുമാനം. 1500-ഓളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ പല സമയങ്ങളിൽ ട്രെയിനുകളിൽ പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നെല്ലാം ’ഫ്രീ യാത്രക്കാർ’ കയറുന്നുണ്ടെന്ന് റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. നിയമലംഘകർക്ക് സഹായമായി യാത്രക്കാരുടെ ചില വാട്സാപ്പ് ഗ്രൂപ്പുകളെ ഉപയോഗിക്കുന്നതായും തെളിഞ്ഞു. പരിശോധകർ ട്രെയിനിൽ കയറുന്നതു കണ്ടാൽ ഉടൻ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മുന്നറിയിപ്പ് നൽകും.

- Advertisement -

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 1,13,014 പേരാണ് പരിശോധനയിൽ കുടുങ്ങിയത്. ഹ്രസ്വദൂര വണ്ടികളിൽ 250 രൂപയാണ് മിനിമം പിഴ. മറ്റുള്ളവയിൽ ട്രെയിൻ പുറപ്പെട്ട സ്റ്റേഷൻ മുതൽ പരിശോധന നടന്ന സ്ഥലം വരെയുള്ള ടിക്കറ്റ് നിരക്കിന്റെ ഇരട്ടിയാണ് പിഴയിടുന്നത്. തുക ഒടുക്കിയില്ലെങ്കിൽ ആറുമാസം വരെ തടവു ലഭിക്കും. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും ചെറുപ്പക്കാരാണെന്ന് റെയിൽവേ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment