ഓർമയിലെ ഇന്ന്- ജനുവരി 10; ലോക ഹിന്ദി ദിനം

At Malayalam
1 Min Read

ഹിന്ദി ഭാഷയോടുള്ള (Hindi) ആദരസൂചകമായി ജനുവരി 10 ലോക ഹിന്ദി ദിനമായി (World Hindi Day) ആചരിക്കുന്നു. ഇരുപത്തഞ്ച് കോടിയില്‍പ്പരം ആളുകള്‍ നേരിട്ടുപയോഗിക്കുന്ന ഹിന്ദി ഭാഷ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ നാലാം സ്ഥാനത്താണ്.

ആദ്യത്തെ ലോക ഹിന്ദി ദിന സമ്മേളനം (World Hindi Day Conference) 1975 ജനുവരി 10 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഘടിപ്പിക്കപ്പെട്ടത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 122 പ്രതിനിധികൾ ഈ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ 2003 മുതലാണ് ഹിന്ദി ദിനം ആചരിച്ചു തുടങ്ങിയത്. ലോകമെമ്പാടും ഈ ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം 2006 ൽ മറ്റു രാജ്യങ്ങളിലും ലോക ഹിന്ദി ദിനം ആചരിക്കാൻ തുടങ്ങി.

- Advertisement -

രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളുടെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷയും മൂന്ന് സംസ്ഥാനങ്ങളുടെ അധിക ഔദ്യോഗിക ഭാഷയുമാണ് ഹിന്ദി. ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്. ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയാണെന്ന് പൊതുവെ പറയപ്പെടാറുണ്ടെങ്കിലും അങ്ങനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടന പട്ടികപ്പെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി. ചൈനീസ് മാന്‍ഡറിന്‍, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി.

പേര്‍ഷ്യന്‍ പദമായ ‘ഹിന്ദ്’ എന്നതില്‍ നിന്നാണ് ഈ ഭാഷയ്ക്ക് ഈ പേര് ലഭിച്ചത്. ഇന്ത്യ, ട്രിനിഡാഡ്, നേപ്പാള്‍, ഗയാന, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നുണ്ട്.

Share This Article
Leave a comment