ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കായിക ബഹുമതിയായ അർജുന അവാർഡ് ഏറ്റുവാങ്ങി. പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്നാണ് ഷമി പുരസ്കാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ നിറഞ്ഞ കരഘോഷത്തോടെയാണ് ഷമിയെ വരവേറ്റത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഷമിയെ അർജുന അവാർഡിന് തിരഞ്ഞെടുത്തത്.
അവാർഡിന് പരിഗണിച്ചതിലെ സന്തോഷം ഷമി പ്രകടിപ്പിച്ചു. വർഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും അവാർഡ് ലഭിക്കാതെ പോയ ആളുകളുണ്ടെന്നും അതിനാൽത്തന്നെ ഈ പുരസ്കാരം ഒരു സ്വപ്നമാണെന്നും ഷമി പറഞ്ഞു.
ഷമിയെക്കൂടാതെ അമ്പെയ്ത്ത് താരം ശീതൾ ദേവി, സ്റ്റീപ്പിൾ ചേസർ പാരുൾ ചൗധരി, ഷൂട്ടിങ് താരം ഐശ്വര്യപ്രതാപ് സിങ് തോമർ, അണ്ടർ ട്വന്റി ഗുസ്തി താരം അന്തിം പംഗാൽ എന്നിവരും രാഷ്ട്രപതിയിൽനിന്ന് അർജുന പുരസ്കാരം ഏറ്റുവാങ്ങി.
