തെക്കുപടിഞ്ഞാറൻ സ്ലോവേനിയയിലെ ക്രിസ്ന യാമ ഗുഹയിൽ കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്ന് വിനോദസഞ്ചാരികളും രണ്ട് ഗൈഡുകളും അടക്കം അഞ്ച് പേർ കുടുങ്ങി. ശനിയാഴ്ച മുതൽ കുടുങ്ങിക്കിടക്കുന്ന സംഘത്തെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള 35 ഗുഹാ വിദഗ്ദ്ധരും എട്ട് മുങ്ങൽ വിദഗ്ദ്ധരും അഗ്നിശമന സേനാംഗങ്ങളും അടങ്ങുന്നവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഗുഹയ്ക്കുള്ളിൽ ഒറ്റപ്പെട്ട സംഘത്തിനരികിലെത്തിയ മുങ്ങൽ വിദഗ്ദ്ധർ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയുണ്ട്.
അഞ്ച് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. ഭൂഗർഭ തടാകങ്ങൾക്ക് പേരുകേട്ട ക്രിസ്ന യാമ ഗുഹാ ശൃംഖലയിലൂടെ എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള സഞ്ചാരത്തിനാണ് സംഘമെത്തിയത്. ബ്ലോസിക്ക നദിയിലൂടെ ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന ഈ ഗുഹ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.
ഗുഹയ്ക്കുള്ളിലെ ഭൂഗർഭ ജലനിരപ്പ് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഒഴിപ്പിക്കലിന് പാത സുരക്ഷിതമാകുന്നതിന് ദിവസങ്ങൾ എടുത്തേക്കാമെന്നാണ് കരുതുന്നത്.ജൈവ വൈവിദ്ധ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ഭൂഗർഭ ആവാസവ്യവസ്ഥ എന്ന ബഹുമതി ക്രിസ്ന യാമയ്ക്കുണ്ട്.