നിലവില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. 2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ 2.5 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയെന്ന നാഴികക്കല്ല് ഓല പിന്നിട്ടിരുന്നു. ഷോറൂമുകളിലൂടെയും ഓണ്‍ലൈനായും കച്ചവടം പൊടിപൊടിക്കുമ്പോഴും ഓലക്ക് പറയാനുള്ളത് നഷ്ടക്കണക്കുകളാണ്.
ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,472.08 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഏതാനും നാളുകള്‍ കൂടി നഷ്ടം നേരിടുമെന്നാണ് കമ്പനി പറയുന്നത്. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിനൊപ്പം മോഡല്‍ നിര വിപുലീകരിക്കുകയും വില്‍പ്പന ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ 784.15 കോടി രൂപയുടെ നഷ്ടം നേരിട്ട കമ്പനിയുടെ 2023 സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 1,472.08 കോടി രൂപയാണു പോലും. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 373.42 കോടി രൂപ മാത്രമായിരുന്ന പ്രവര്‍ത്തന വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 2630.93 കോടി രൂപയായി ഉയര്‍ന്നിട്ടുമുണ്ട്.
2021 ഡിസംബറിലാണ് ഓല ഇലക്ട്രിക് തങ്ങളുടെ കന്നി ഉല്‍പ്പന്നമായ ഓല S1 പ്രോയുടെ വിതരണം ആരംഭിച്ചത്. അതുകൊണ്ടു തന്നെ 2022 സാമ്പത്തിക വര്‍ഷത്തിലെയും 2023 സാമ്പത്തിക വര്‍ഷത്തിലെയും പ്രവര്‍ത്തന വരുമാനം താരതമ്യം ചെയ്യുന്നത് ഉചിതമല്ല. 2022 സാമ്പത്തിക വര്‍ഷത്തില്‍ അവസാനത്തെ നാലു മാസം മാത്രമാണ് പ്രവര്‍ത്തന വരുമാനം പരിഗണിച്ചത്. അതേസമയം 2023 സാമ്പത്തിക വര്‍ഷം മുഴുവനായും പരിഗണിച്ചു.
2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,56,251 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ വി സ്റ്റാര്‍ട്ടപ്പ് കമ്പനി വിറ്റത്. അതില്‍ 98,199 എണ്ണം മുന്‍നിര മോഡലായ ഓല S1 പ്രോയാണ്. ബാക്കി മോഡലുകളെല്ലാം ചേര്‍ത്ത് 58,052 യൂണിറ്റാണ് വില്‍പ്പന. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം സബ്‌സിഡി കാരണം കൂടുതല്‍ കസ്റ്റമേഴ്‌സിനെ നേടാന്‍ സാധിച്ചതായി കമ്പനി പറയുന്നു.
നിക്ഷേപം വര്‍ധിപ്പിക്കുകയും പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുകയും ചെയ്യുന്നതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന നഷ്ടം തുടരുമെന്ന് കമ്പനി ഡി ആര്‍ എച്ച് പി യില്‍ കുറിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൂലധന ചെലവ് 842.61 കോടി രൂപയായിരുന്നു. ഓലയുടെ വില്‍പ്പനയിലേക്ക് മടങ്ങി വന്നാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് മറികടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായി കമ്പനി മാറിയിരുന്നു.
2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 21 വരെ 2,52,647 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റഴിച്ചത്. ഈ വര്‍ഷം ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ 30.50 ശതമാനം വിപണി വിഹിതം കയ്യടക്കി വെച്ചിരിക്കുന്നത് ഓല ഇലക്ട്രിക്കാണ്. രണ്ടാം സ്ഥാനത്ത് ടി വി എസും മൂന്നാമത് ഏഥര്‍ എനര്‍ജിയുമാണ്. 2023 അവസാനവാരം വരെ ഇന്ത്യയില്‍ വിറ്റ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം 8,28,537 ആണ്.
ഇതില്‍ 31 ശതമാനവും ഓലയുടെ സംഭാവനയാണ്. വാഹന്‍ പോര്‍ട്ടലിലെ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം 2023 കലണ്ടര്‍ വര്‍ഷം ഓല ഇലക്ട്രിക് 131 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 1,09,395 യൂണിറ്റായിരുന്നു ഓലയുടെ റീട്ടെയില്‍ വില്‍പ്പന. 2023 ജനുവരിയില്‍ 18,353 യൂണിറ്റുകളായിരുന്നു.
മാര്‍ച്ചില്‍ ആദ്യമായി പ്രതിമാസ വില്‍പ്പന 20,000 യൂണിറ്റ് കടന്നു. 2023 മാര്‍ച്ചില്‍ 21,434 യൂണിറ്റ് ഇ വികളായിരുന്നു വിറ്റഴിച്ചത്. ഉത്സവ സീസണ്‍ ആയതോടെ വില്‍പ്പനയില്‍ വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഓല ഇ വി ഭാരത് ഫെസ്റ്റ് എന്ന പേരില്‍ കിടിലന്‍ ഓഫറുകള്‍ കൂടി കമ്പനി മുന്നോട്ട് വെച്ചതോടെ ഷോറൂമുകള്‍ നിറഞ്ഞുകവിഞ്ഞു.
ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയ നവംബറില്‍ 29,898 യൂണിറ്റായിരുന്നു വില്‍പ്പന. കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച വില്‍പ്പന രേഖപ്പെടുത്തിയ മാസമായിരുന്നു 2023 നവംബര്‍. നിലവില്‍ നഷ്ടം നേരിടുന്നുവെങ്കിലും വരും വര്‍ഷങ്ങളില്‍ ഓല മികച്ച ലാഭം നേടുമെന്നാണ് പ്രതീക്ഷ. ചുരുങ്ങിയ കാലം കൊണ്ട് നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറിയ അവര്‍ വമ്പന്‍ പദ്ധതികളാണ് ഭാവിയിലേക്കായി ഒരുക്കുന്നതും.