കർണാടകയിൽ വീടിനുള്ളിൽ അഞ്ച് അസ്ഥികൂടങ്ങൾ

At Malayalam
1 Min Read

കർണാടകയിൽ നാലര വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തി. ചിത്രദുർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമാണ് വീട്. സർക്കാർ എക്സിക്യൂട്ടിവ് എൻജിനിയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.ഇവരുടേതാകാം അസ്ഥികൂടങ്ങൾ എന്ന നിഗമനത്തിലാണ് പൊലീസ്.വിശദമായ ഫോറൻസിക്, ഡി.എൻ.എ പരിശോധനകൾക്കു ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ.

വീടിന് മുന്നിലെ വാതിൽ പൊളി‌ഞ്ഞ നിലയിൽ കണ്ട ചിലർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ നാല് അസ്ഥികൂടങ്ങൾ ഒരു മുറിയിലും ഒന്ന് മറ്റൊരു മുറിയിലുമായി കണ്ടെത്തി.2019 ജൂലായിലാണ് ഇവരെ അവസാനമായി കണ്ടതെന്നും പുറത്തുള്ളവരോട് അധികം സംസാരിക്കാറില്ലായിരുന്നെന്നുമാണ് അയൽവാസികളുടെ മൊഴി. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.

നാലര വർഷമായിട്ടും ഇവർ മരിച്ചതറിഞ്ഞില്ല എന്ന അയൽവാസികളുടെ മൊഴി സംശയം വർദ്ധിപ്പിക്കുന്നുണ്ട്. മൃതദേഹങ്ങൾ അഴുകി അസ്ഥി മാത്രമായ ശേഷം വീട്ടിൽ കൊണ്ടിട്ടതാകാം എന്ന സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ജഗന്നാഥ് റെഡ്ഡിയുടെ മറ്റൊരു മകൻ മഞ്ജുനാഥ് നേരത്തേ മരണപ്പെട്ടിരുന്നു. മൂത്ത മകൾ ത്രിവേണിക്ക് നട്ടെല്ലിനു ഗുരുതര രോഗം ബാധിച്ചിരുന്നതിനാൽ വിവാഹം നടന്നില്ല. സഹോദരൻമാരും വിവാഹം കഴിച്ചില്ല. നരേന്ദ്രയെ 2013ൽ ഒരു മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും ഇവരെ ബാധിച്ചിരിക്കാമെന്ന് കരുതുന്നു.

- Advertisement -

Share This Article
Leave a comment