പ്രിയങ്കയെ മാറ്റി,​ കെ.സി തുടരും, ചെന്നിത്തലയ്ക്ക് മഹാരാഷ്ട്ര

At Malayalam
1 Min Read

അടുത്തവർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘടനാതലത്തിൽ വൻ അഴിച്ചുപണിയുമായി കോൺഗ്രസ്. സംഘടന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്ന് മാറ്റി. അവിനാശ് പാണ്ഡെയെ പകരം നിയോഗിച്ചു. പ്രിയങ്കയ്ക്ക് പുതിയ ചുമതല നൽകിയിട്ടില്ല. കെ.സി. വേണുഗോപാലിനെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിലനിറുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റിയിൽ ഡോ. ശശി തരൂരിനെയും ജിഗ്നേഷ് മേവാനിയെയും ഉൾപ്പെടുത്തി.

പ്രവർത്തകസമിതി ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. കേരളത്തിലെ ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി, പകരം ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്ക് ചുമതല നൽകി. പശ്ചിമ ബംഗാളിലെ നേതാവായ ദീപ ദാസന് ലക്ഷദീപിന്റെ ചുമതലയും തെലങ്കാനയുടെ അധികചുമതലയും കൂടി നൽകിയിട്ടുണ്ട്.

സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഢിന്റെയും മുകുൾ വാസ്നികിന് ഗുജറാത്തിന്റെയും രൺദീപ് സിംഗ് സുർജെവാലയ്ക്ക് കർണാടകയുടെയും ചുമതല നൽകി. ജയറാം രമേശ് കമ്മ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറിയായി തുടരും. കോൺഗ്രസ് അദ്ധ്യക്ഷന്റെ ഓഫീസ് ചുമതല ഡോ. സയിദ് നസീർ ഹുസൈനാണ്. പ്രണവ് ഝായെ കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായും നിയോഗിച്ചു. അജയ് മാക്കനാണ് ട്രഷറർ. മിലിന്ദ് ഡിയോര, വിജയ് ഇന്ദർ സിംഗ്ള എന്നിവരാണ് ജോയിന്റ് ട്രഷറർമാർ.

Share This Article
Leave a comment