ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ജനുവരി ആദ്യവാരത്തിൽ തുടങ്ങാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. അരുണാചൽ പ്രദേശിൽ നിന്ന് തുടങ്ങി ഗുജറാത്തിലാകും സമാപനം. രണ്ടുമാസം നീണ്ടുനിൽക്കും.
ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. ഉത്തരേന്ത്യയിലെ ശൈത്യകാലം അടക്കം കണക്കിലെടുത്താകും ഓരോ ദിവസത്തെയും സമയക്രമം തീരുമാനിക്കുക. 2022 സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ജനുവരി 30ന് ശ്രീനഗറിലാണ് സമാപിച്ചത്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിന് യാത്ര ഗുണം ചെയ്തുവെന്ന് നേതാക്കൾ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സർക്കാരിനെതിരെ വ്യാപക പ്രചാരണം നടത്താനും അവ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനുമാണ് രണ്ടാംഘട്ടത്തിലൂടെ കോൺഗ്രസ് ഉന്നമിടുന്നത്.