പോയ വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമായി അബുദാബിയിലെ രാജകുടുംബമായ അൽ നഹ്യാൻ. ജെഫ് ബെസോസും വാറൻ ബഫെറ്റും പോലുള്ള വമ്പന്‍മാരെ മറികടന്നാണ് അബുദാബി രാജ കുടംബം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 305 ബില്യൺ ഡോളറിൻ്റെ സമ്പത്തുമായാണ് അൽ നഹ്യാൻ കുടുംബം വാൾമാർട്ടിൻ്റെ വാൾട്ടൺസിനെ പിന്തള്ളി ഒന്നാമത് എത്തിയത്.
ബ്ലൂംബർഗിൻ്റെ വാർഷിക റാങ്കിങ്ങിൽ അൽ നഹ്യൻ കുടുംബത്തിൻ്റെ സ്വത്ത് വാൾമാർട്ടിനേക്കാള്‍ 45 ബില്യണ്‍ കൂടുതലാണ്. അതായത് 260 ബില്യണ്‍ ഡോളറാണ് വാൾ മാർട്ടിലെ വാൾട്ടൺസിന്റെ സമ്പത്ത്. പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഏഷ്യയില്‍ നിന്നും മറ്റൊരു കുടുംബം കൂടി ഇടം പിടിച്ചിട്ടുണ്ട്. ഖത്തറിലെ രാജകുടുംബമായ അൽ താനിസുമാരാണ് ഏഷ്യയില്‍ നിന്നും ആദ്യ അഞ്ചില്‍ ഇടംപിടിച്ച രണ്ടാമത്തെ രാജ കുടുംബം.
ഏകദേശം 1.5 ട്രില്യൺ ഡോളർ മൂല്യമുള്ള ആസ്തിയുടെ മേൽനോട്ടം വഹിക്കുന്ന യു എ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ എന്നിവരെപ്പോലുള്ള പ്രധാന വ്യക്തികളും കുടുംബത്തിന്റെ വളർച്ചയില്‍ നിർണ്ണായകമായി മാറി. ഷെയ്ഖ് തഹ്നൂൻ്റെ മാർഗനിർദേശത്തിന് കീഴിലുള്ള ഇൻ്റർനാഷണൽ ഹോൾഡിംഗ് കമ്പനി, കഴിഞ്ഞ നാലു വർഷത്തിനിടെ സ്റ്റോക്ക് മൂല്യത്തിൽ 7,000 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് നടത്തിയത്.
490 മില്യൺ ഡോളർ വിലയുള്ള ഖസർ അൽ – വാൻ ഉൾപ്പെടെയുള്ള കൊട്ടാരങ്ങളും കുടുംബത്തിന് സ്വന്തമായിട്ടുണ്ട്. ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ, ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കുടുംബത്തിൻ്റെ വിപുലമായ കാർ ശേഖരവും ബോയിംഗ് 747 ഉൾപ്പെടെയുള്ള ആഡംബര സ്വകാര്യ ജെറ്റുകളുടെ ഒരു കൂട്ടവും ഈ കുടുംബത്തിനുണ്ട്.
