വിവിധമേഖലകളിലെ ഏറ്റവും ഉന്നതമായ പുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൊബേൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നൊബേൽ (1833 ഒക്ടോബർ 21 – 1896 ഡിസംബർ 10). ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും എഞ്ചിനീയറും കൂടിയാണ്. ബൊഫോഴ്സ് എന്ന ആയുധനിർമാണ കമ്പനിയുടെ ഉടമസ്ഥനുമായിരുന്നു. ഉരുക്കുനിർമാണ കമ്പനിയായിരുന്ന ബൊഫോഴ്സിനെ ആയുധനിർമാണ മേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നൊബേൽ ആയിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നൊബേലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നൊബേൽ സമ്മാനങ്ങൾ നൽകുന്നത്.
1833-ലെ ഒക്ടോബർ 21ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നൊബേലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്.
1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നു അത്. അങ്ങനെ ഡൈനാമിറ്റ് എന്ന പേരിൽ പുതിയ കണ്ടുപിടിത്തത്തിന് അദ്ദേഹം പേറ്റന്റ് നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ ആൽഫ്രഡിന്റെ ജീവിതം മാറ്റിമറിച്ചു. നിർമാണ മേഖലയിലും ഖനികളിലും ഡൈനാമിറ്റ് അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു.
പരീക്ഷണങ്ങളുടേയും വേദനയുടെയും വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നൊബേൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്റെ മഹത്തായകണ്ടുപിടിത്തം സൈനിക മേഖലയിലും രാജ്യാന്തര കുടിപ്പകകളിലും ഉപയോഗിക്കപ്പെട്ട് മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട് അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചു. തന്റെ കണ്ടുപിടിത്തം ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട് അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിയ്ക്കുകയും ചെയ്തു.
