കാനഡയിലെത്തുന്ന വിദേശവിദ്യാർഥികൾ ജീവിതച്ചെലവിനായി കരുതേണ്ട കരുതൽ ധനം ഇരട്ടിയാക്കി. നിലവിൽ 10,000 കനേഡിയൻ ഡോളറാണ് (6.14ലക്ഷം രൂപ) കരുതേണ്ടത്. ജനുവരി ഒന്നു മുതൽ സ്‌റ്റഡി പെർമിറ്റ് അപേക്ഷ നൽകുന്നവർ 20,635 കനേഡഡിയൻ ഡോളർ(ഏകദേശം 12.7 ലക്ഷം രൂപ) നൽകണം. ഇമ്മിഗ്രേഷൻ, റഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(ഐ.ആർ.സി.സി.)യാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തു ജീവിതച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണു തീരുമാനം. ട്യൂഷൻഫീസിനും യാത്രാച്ചെലവിനും പുറമേയാണിത്. പഠന പെർമിറ്റിനുള്ളതുൾപ്പെടെയുള്ള ഫീസ് നേരത്തേ കൂട്ടിയിരുന്നു.
‘രാജ്യത്തെ ജിവിതച്ചെലവിൻ്റെ യഥാർഥ ചിത്രം രാജ്യാന്തര വിദ്യാർഥികൾ മനസിലാക്കണം. കാനഡയിലെ അവരുടെ വിജയത്തിന് ഇത് ആവശ്യമാണ്’ -കനേഡിയൻ മന്ത്രി മാർക് മില്ലർ പറഞ്ഞു. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവർഷം ഈ തുകയിൽ പരിധി നിശ്ചയിക്കുമെന്നും പറഞ്ഞു. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം. 2022-ൽ കാനഡയിലെത്തിയ വിദേശവിദ്യാർഥികളിൽ(3.19 ലക്ഷം) ഇന്ത്യയിൽനിന്നുള്ളവരാണ് കൂടുതൽ.