ലെജൻഡ്‌സ് ലീഗ് മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ വാക്ക്പോര്. വിഷയത്തിൽ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തെത്തി. തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്ക്പോര് നടന്നത്.
ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴും ഗംഭീർ ഇതേ വാക്കുകൾ ഉപയോഗിച്ചു.വിഷയം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ ലോകം മുഴുവനും ശ്രദ്ധിക്കുമ്പോൾ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
