I F F Kയ്ക്ക്‌ വെള്ളിയാഴ്ച്ച തുടക്കം; നാനാ പടേക്കര്‍ മുഖ്യാതിഥി

At Malayalam
2 Min Read

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഡിസംബര്‍ എട്ട് വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ഗുഡ്ബൈ ജൂലിയ’ പ്രദര്‍ശിപ്പിക്കും. മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാന്‍ ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ച ആദ്യ സുഡാന്‍ ചിത്രമാണ്. മുപ്പതിലധികം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നു.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല്‍ തരംഗിന്റെ ‘ലയരാഗ സമര്‍പ്പണം’ എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

ഡിസംബര്‍ 8 മുതല്‍ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്. 12,000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100-ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ സാന്നിധ്യം മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും. പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ മൈന്‍ഡ്സ്, നവലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്പെക്റ്റീവ്, മൃണാള്‍സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെന്‍ റെട്രോസ്പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകള്‍. ഹൊറര്‍ ജനുസ്സില്‍പ്പെട്ട രണ്ടു ചിത്രങ്ങള്‍ നിശാഗന്ധിയില്‍ അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കും.

Share This Article
Leave a comment