ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വിയോടെ മടക്കം. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 93 റണ്‍സിനാണ് പാകിസ്ഥാന് പരാജയപ്പെട്ടത്. ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പാകിസ്ഥാന് പുറത്തായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 വിജയലക്ഷ്യം പാകിസ്ഥാന് 6.4 ഓവറില്‍ മറികടക്കണമായിരുന്നു. എങ്കില്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയില്‍ ഇടം പിടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. 6.4 ഓവര്‍ പൂര്‍ത്തിയയപ്പോള്‍ തന്നെ പാകിസ്ഥാന് തോല്‍വി ഉറപ്പിച്ചിരുന്നു.
വിജയലക്ഷ്യം പിന്തുടരാനെത്തിയ പാകിസ്ഥാന് 43.3 ഓവറില്‍ 244 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലിയാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ ബെന്‍ സ്റ്റോക്സ് നേടിയ 84 റണ്‍സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജോ റൂട്ട് (60), ജോണി ബെയര്‍സ്റ്റോ (59) നിര്‍ണായക സംഭാവന നല്കി. ഇംഗ്ലണ്ട് നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.
