തെലങ്കാനയിലെ 45 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. 55 പേരുടെ പട്ടിക നേരത്തേ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ ജൂബിലി ഹിൽസിൽനിന്ന് മത്സരിക്കും. ആകെയുള്ള 119 സീറ്റിൽ രണ്ടുസീറ്റുവിതം സി.പി.ഐ.ക്കും സി.പി.എമ്മിനും നീക്കിവെച്ചിട്ടുണ്ട്. ബാക്കി 16 സീറ്റിൽ ഒന്നിലധികം സ്ഥാനാർഥികളാണിപ്പോഴുള്ളത്.
ഇത് ഒറ്റപ്പേരിലെത്തിക്കാൻ സ്ക്രീനിങ് കമ്മിറ്റിയോട് കേന്ദ്ര തിരഞ്ഞടുപ്പ് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.രാവിലെ എ.ഐ. സി.സി. ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സോണിയാഗാന്ധി, കെ.സി. വേണുഗോപാൽ, എന്നിവർ പങ്കെടുത്തു.