ന്യൂസിലാന്‍ഡുമായുള്ള ലോകകപ്പ് പോരാട്ടത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികൾക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇരുവരും തമ്മില്‍ വീണ്ടും അടിച്ചുപിരിഞ്ഞോയെന്ന സംശയമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ഓവര്‍ ബ്രേക്കിനിടെ രോഹിത്തും കോഹ്ലിയും പരസ്പ്പരം വാദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
ഒരു സമയവായത്തിലെത്താന്‍ സാധിക്കാതെ ഇരുവരും പരസ്പ്പരം വാദിക്കുന്നതും ഒടുവില്‍ കോഹ്ലി അതില്‍ നിന്നും പിന്‍മാറി തിരിച്ചുനടക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. കോഹ്ലിയും രോഹിത്തും തമ്മിലുള്ള സൗന്ദര്യപ്പിണക്കവും അഭിപ്രായവ്യത്യാസവുമെല്ലാം നേരത്തേ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈഗോ പ്രശ്‌നങ്ങളാണ് ഇരുവരെയും ശത്രുക്കളാക്കി മാറ്റിയതെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പക്ഷെ സമീപകാലത്തു രോഹിത്തും കോഹ്ലിയും തമ്മില്‍ പിണക്കമെല്ലാം മാറി മികച്ച ഒത്തിണക്കത്തോടെയായിരുന്നു കളിക്കളത്തില്‍ കാണപ്പെട്ടിരുന്നത്. ഈ ലോകകപ്പില്‍ ഇരുവരും തമ്മിലുള്ള സ്നേഹ പ്രകടനവും പരസ്പ്പര ബഹുമാനവുമെല്ലാം ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. കളിക്കിടെ പലപ്പോഴും ഇരുവരും ചര്‍ച്ച നടത്തുന്നതും പരസ്പ്പരം ഉപദേശിക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയായിരന്നു.
പക്ഷെ ഇപ്പോള്‍ രോഹിത്തും കോഹ്ലിയും വീണ്ടും ഉടക്കിയോയെന്ന സംശയമാണ് ഉയരുന്നത്. ധര്‍മശാലയില്‍ ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തില്‍ 31ാം ഓവറിനു ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള പൊരിഞ്ഞ വാദം. ന്യൂസിലാന്‍ഡ് രണ്ടു വിക്കറ്റിനു 160 റണ്‍സെന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചെലും തമ്മിലുള്ള സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ സാധിക്കാതെ ഇന്ത്യ വലയുന്നതിനിടെയായിരുന്നു രോഹിത്തും കോഹ്ലിയും തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദം.
രോഹിത്തിനോടു കോഹ്ലി പലതും ഉപദേശിക്കുന്നതും ഇതിനോടു യോജിക്കാതെ രോഹിത്തു തിരിച്ചുപറയുന്നതും വീഡിയോയില്‍ കാണാം. ഫീല്‍ഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ടാണ് കോഹ്ലി നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ ആംഗ്യങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.രോഹിത് എന്തോ പറഞ്ഞുകൊണ്ട് പതിയെ പിറകിലേക്കു നടക്കവെ കോഹ്ലി പിന്നാലെ വന്ന് പലതും പറഞ്ഞു കൊണ്ടിരിക്കുന്നതും കാണാം.
രോഹിത് തലയാട്ടി ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും കോഹ്ലി വിട്ടില്ല.വീണ്ടും പല ആംഗ്യങ്ങളും കാണിച്ച് രോഹിത്തിനു പിറകെ വന്ന് അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നുണ്ട്.എന്നാല്‍ ഇതിനോടു യോജിക്കാതെ രോഹിത് പല ആംഗ്യങ്ങളും കാണിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നുണ്ട്.കോഹ്ലി ഇതു മൈന്‍ഡ് ചെയ്യാതെ നില്‍ക്കുകയും തുടര്‍ന്ന് പിന്‍മാറുന്നതുമാണ് വീഡിയോയിലുള്ളത്.
പക്ഷെ രോഹിത്തും കോഹ്ലിയും തമ്മിലുള്ള ഈ ചര്‍ച്ച വൈകാതെ ഫലം കണ്ടുവെന്നു പറയേണ്ടി വരും. 34ാം ഓവറില്‍ രവീന്ദ്രയെ പുറത്താക്കി ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രു സ്വന്തമാക്കിയിരുന്നു. മുഹമ്മദ് ഷമിയുടെ ബൗളിങില്‍ ശുഭ്മന്‍ ഗില്ലാണ് രവീന്ദ്രയെ പിടികൂടിയത്. ഇന്ത്യയെ സംബന്ധിച്ച് ഫീല്‍ഡിങില്‍ തീര്‍ത്തും നിരാശാജനകമായ ഒരു മല്‍സരം കൂടിയായിരുന്നു ഇത്. മൂന്നു ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ പാഴാക്കിയത്. രവീന്ദ്ര ജഡേജ,കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്.
അതേസമയം,274 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കിവികള്‍ അവസാന ബോളില്‍ 273 റണ്‍സിനു പുറത്താവുകയായിരുന്നു. മിച്ചെലിന്റെ സെഞ്ച്വറിയും (130) രവീന്ദ്രയുടെ (75) ഫിഫ്റ്റിയുമാണ് കിവികളെ മികച്ച ടോട്ടലില്‍ എത്തിച്ചത്.
