കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ബസ് യാത്രയിലൂടെ തുടക്കം കുറിക്കും. നവംബർ 30നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് കോൺഗ്രസ് നേതാക്കളും പ്രത്യേക വിമാനത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിലെത്തിയ ശേഷം അവിടെ നിന്ന് ഹെലികോപ്റ്ററിൽ രാമപ്പ ക്ഷേത്രത്തിലേക്ക് പുറപ്പെടും. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം അവർ ബസ് യാത്ര ആരംഭിക്കുകയും റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
റാലിക്ക് ശേഷം പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങുമെങ്കിലും, രാഹുൽ ഗാന്ധി സംസ്ഥാനത്തെ പരിപാടികളിൽ പങ്കെടുക്കുന്നത് തുടരും.ഒക്‌ടോബർ 20ന് ജഗതിയാലിലെ കർഷകരുടെ യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി പിന്നീട് ആർമൂർ, നിസാമാബാദ് ഉൾപ്പെടെയുള്ള ഇടങ്ങളിലെ പരിപാടികളിലും പങ്കെടുക്കും.
തെലങ്കാന പര്യടനത്തിനിടെ, രാഹുൽ ഗാന്ധി ബോധനിലെ നിസാം ഷുഗർ ഫാക്‌ടറി സന്ദർശിക്കുകയും അർമൂറിലെ മഞ്ഞൾ, കരിമ്പ് കർഷകരുമായി സംവദിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.