രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൻമേൽ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.
നിയമനിർമാണത്തിലേക്ക് കോടതി കടന്നുകയറേണ്ടതില്ലെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ അംഗീകരിക്കുമ്പോൾ തന്നെ നഗരങ്ങളിലെ വരേണ്യ വർഗ്ഗത്തിൽപ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്ന് സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ വാദം തെറ്റാണെന്നും സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്നു ചിത്രീകരിക്കുന്നത് അവരെ മായ്ച്ചുകളയലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജാതിയോ വർഗമോ സാമൂഹിക- സാമ്പത്തിക നിലയോ പരിഗണിക്കാതെതന്നെ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ ഉണ്ടാകാം.വിവാഹം സ്ഥിരവും മാറ്റവുമില്ലാത്തതുമായ ഒരു സ്ഥാപനമാണെന്ന് പ്രസ്താവിക്കുന്നത് തെറ്റാണ്.നിയമനിർമാണങ്ങളിലൂടെ വിവാഹത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
കോടതികൾക്ക് നിയമം നിർമിക്കാൻ കഴിയില്ലെങ്കിലും നിയമം നടപ്പിലാക്കാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ലൈംഗികതയുടെ അടിസ്ഥാനത്തിൽ സ്വവർഗപ്രേമികളോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചു.