ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ 200 റണ്‍സ് വിജയലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റു ചെയ്ത ഇന്ത്യയുടെ തുടക്കം ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. രണ്ടു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യ വലിച്ചെറിഞ്ഞത്.
ഒരു ഘട്ടത്തില്‍ താൻ തോല്‍ക്കുമോയെന്ന് ഭയപെട്ടുവെന്ന് തുറന്നുപറയുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മത്സര ശേഷം സംസാരിക്കുകയാിരുന്നു രോഹിത്. റണ്‍ചേസില്‍ ഇഷാന്‍ കിഷന്‍ ആദ്യ പന്തില്‍ തന്നെ പുറത്തായപ്പോള്‍,രോഹിത് ശര്‍മ നേരിട്ട ആറാം പന്തിലും ശ്രേയസ് അയ്യര്‍ നേരിട്ട അഞ്ചാം പന്തിലുമാണ് രണ്ടാളും പൂജ്യത്തിന് പുറത്തായത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലെ ആദ്യ നാല് ബാറ്റ്‌സ്മാന്മാരില്‍ മൂന്നു പേരും ‘പൂജ്യൻ’മാരാകുന്നത്.
ഇന്ത്യയുടെ ഈ മോശം തുടക്കത്തില്‍ മറ്റാരെയും പോലെ താനും ഭയപെട്ടുവെന്നും റണ്‍ ചേസില്‍ ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ലയെന്നും രോഹിത് പറഞ്ഞു. അതിന്റെ ക്രെഡിറ്റ് ഓസ്‌ട്രേലിയക്ക് നല്‍കണമെന്നും രോഹിത്ത് പറയുന്നു. ചില മോശം ഷോട്ടുകളാണ് വിക്കറ്റിലേക്ക് വഴിവെച്ചതെന്നും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്തുകയാണ് വേണ്ടിയിരുന്നതെന്നും രോഹിത് ശര്‍മ പറഞ്ഞു.
എന്നാല്‍ തകര്‍ച്ചയ്ക്കു ശേഷം വിരാട് കോഹ്ലിയുടെയും കെ എല്‍ രാഹുലിന്റെയും മികവിലാണ് ഇന്ത്യ മത്സരത്തില്‍ വിജയം കുറിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്ലി 116 പന്തില്‍ 85 റണ്‍സ് നേടി പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 115 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഒക്ടോബര്‍ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
