വീടും സ്ഥലവും കാറുമെല്ലാം വിറ്റുതുലച്ചു; ക്രിക്കറ്റിനു വേണ്ടി മാത്രം

At Malayalam
2 Min Read
Devon Conway played a match winning innings of 152* in a run-chase against England

വീടും സ്ഥലവും കാറുമെല്ലാം വിറ്റുതുലച്ച് രാജ്യംതന്നെ ഉപേക്ഷിച്ചവൻ.ജീവിക്കാനായി കുട്ടികളുടെ പരിശീലകനായി.ഒരുഘട്ടത്തിൽ ക്രിക്കറ്റു തന്നെ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചയാൾ.ആ മനുഷ്യനാണ് മുപ്പത്തിരണ്ടാം വയസ്സിൽ ഈ ലോകകപ്പിലെ ആദ്യസെഞ്ചുറി നേടുന്നത്.ന്യൂസീലൻഡിന്റെ ഡെവൻ കോൺവെ.അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിനേടി ബാറ്റുയർത്തുമ്പോൾ ഡെവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ആ നിമിഷങ്ങളിൽ കഴിഞ്ഞകാലം അതിവേഗമുള്ളൊരു പന്തായി അയാൾക്കുമുന്നിലൂടെ കടന്നുപോയിട്ടുണ്ടാകാം.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലാണ് ഡെവൻ ജനിക്കുന്നത്. ഏക്കറുകണക്കിനുള്ള പുൽമൈതാനത്തിനു നടുവിലായിരുന്നു വീട്.അവിടെ ആ കുടുംബം കുതിരകളെയും ആടുകളെയും പശുക്കളെയും മുയലുകളെയുമെല്ലാം വളർത്തിയിരുന്നു.അച്ഛൻ ചെറിയൊരു ഫുട്ബോൾ ക്ലബ്ബിന്റെ കോച്ചുമായിരുന്നു. അതുകൊണ്ടാകാം കുട്ടിക്കാലത്തെ ഡെവൻ ഫുട്ബോളാണ് ഇഷ്ടപ്പെട്ടത്.പക്ഷേ,പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്രിക്കറ്റായി ഇഷ്ട ഗെയിം.ജിമ്മി കുക്ക് എന്ന ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്ററായിരുന്നു കോച്ച്. ഡെവന്റെ അച്ഛൻ ദക്ഷിണാഫ്രിക്കയുടെ മുൻതാരം നീൽ ജോൺസന്റെ അടുത്തസുഹൃത്തായിരുന്നു.അങ്ങനെ നീലിന്റെ ക്രിക്കറ്റ് ഉപദേശങ്ങളിലൂടെ ഡെവൻ എന്ന ക്രിക്കറ്റർ വളർന്നു.

ദക്ഷിണാഫ്രിക്കയുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ തെംബ ബാവുമയും വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡിക്കോക്കുമെല്ലാം അണ്ടർ 19 ടീമിലെത്തിയ അതേസമയത്ത് ആ ടീമിലേക്ക് വിളി കാത്തിരിക്കുന്ന ക്രിക്കറ്ററായിരുന്നു.പക്ഷേ,അതുണ്ടായില്ല.പിന്നെ ജോഹന്നാസ്ബർഗിലെ ലയൺസ് ക്ലബ്ബിൽ ഇടംനേടാനായി ശ്രമം.പക്ഷേ,പലപ്പോഴും അവഗണിക്കപ്പെട്ടു. ആറുവർഷങ്ങൾ അങ്ങനെ കടന്നുപോയി ഡെവൻ എങ്ങുമെത്തിയില്ല.

തുടർച്ചയായി തഴയപ്പെട്ടപ്പോൾ ആകെ തകർന്നു.ക്രിക്കറ്റ് കളിയുമായി ജീവിതം മുന്നോട്ടുപോകുമോ എന്നു സംശയിച്ചുതുടങ്ങി.ഒരിക്കൽ അദ്ദേഹം ഭാര്യയോട് പറഞ്ഞു.എനിക്കിതുപോലെ മുന്നോട്ടുപോകാനാകില്ല,ന്യൂസീലൻഡിലെ സുഹൃത്തുക്കൾ വിളിക്കുന്നുണ്ട്.അങ്ങോട്ടു പോയാലോ. ഭാര്യ പറ്റില്ലെന്ന് പറയുമെന്നായിരുന്നു കരുതിയത്.പക്ഷേ, അവർ ജോലി ഉപേക്ഷിച്ച് ഭർത്താവിനൊപ്പം ന്യൂസീലൻഡിലേക്ക് കുടിയേറാൻ സമ്മതിച്ചു.

- Advertisement -

ഇതിനിടെ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ ഡെവൻ 2017-ൽ ഡബിൾ സെഞ്ചുറി നേടിയിരുന്നു.ഒരു ക്രിക്കറ്റർക്ക് പുതിയ തുടക്കമാകേണ്ടതായിരുന്നു അത്.പക്ഷേ, അതേവർഷംതന്നെ ഡെവനും ഭാര്യയും ന്യൂസീലൻഡിലെ വെല്ലിങ്ടണിലേക്ക് കുടിയേറി.അവിടെ വിക്ടോറിയ സർവകലാശാലയിലെ കോച്ചായി ജോലികിട്ടി. അതുമാത്രം മതിയാവുമായിരുന്നില്ല ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ.സമീപത്തെ സ്കൂളുകളിലും ക്രിക്കറ്റ് കോച്ചായി പോകാൻതുടങ്ങി.ഭാര്യക്ക് ജോലികിട്ടിയിരുന്നില്ല.അവർ ജീവിതച്ചെലവുകൾ കുറച്ചു, പിശുക്കി ജീവിക്കാൻ തുടങ്ങി.പക്ഷേ,ദക്ഷിണാഫ്രിക്ക എന്ന അധ്യായം പൂർണമായി അടച്ചു.തിരികെവരാനുള്ള തോന്നൽപോലും ഉണ്ടാകാതിരിക്കാൻ ജോഹന്നാസ്ബർഗിലെ കാറും വീടും സ്ഥലവുമെല്ലാം കിട്ടിയ കാശിന് വിറ്റു.

വെല്ലിങ്ടണിൽ കോൺവേ മികച്ച സ്കോറുകൾ കണ്ടെത്താൻ തുടങ്ങി.ദക്ഷിണാഫ്രിക്കയിൽനിന്നുവന്ന ബാറ്ററെക്കുറിച്ചായി വെല്ലിങ്ടണിലെ ക്രിക്കറ്റ് ചർച്ചകൾ. വെല്ലിങ്ടൺ ഫയർബേർഡ്സ് ക്ലബ്ബിന്റെ ഹെഡ് കോച്ച് ബ്രൂസ് എഡ്ഗാർ ഡെവനെ നോട്ടമിട്ടു.വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും തിളങ്ങുന്ന താരത്തെ അവർ ടീമിലെടുത്തു.ലോക്കി ഫെർഗൂസനുൾപ്പടെയുള്ള പേസ് നിരയ്ക്കെതിരേ മൂന്നുമത്സരങ്ങളിൽ മികച്ച സ്കോറുകൾ കണ്ടെത്താനായി.ടോം ബ്ലണ്ടലിന് പകരക്കാരനായി വീണ്ടും ഡെവൻ ടീമിൽ പ്രത്യക്ഷപ്പെട്ടു. വെല്ലിങ്ടൺ ഫയർബേർഡ്സിനായി 17 കളികളിൽനിന്നും 73 റൺസ് എന്ന ശരാശരിയിൽ 1598 റൺസ് നേടി.ഒരു ട്രിപ്പിൾ സെഞ്ചുറികൂടി ഉൾപ്പെടെയായിരുന്നു ഇത്. അങ്ങനെ 2020-ൽ ന്യൂസീലൻഡ് ടീമിലേക്കുള്ള വിളിയെത്തി.

ഇടംകൈയൻ ബാറ്റിങ്ങിന്റെ മനോഹാരിതയൊന്നും ഡെവന്റെ ബാറ്റിങ്ങിനില്ലെങ്കിലും ഒരു റൺമെഷീൻപോലെ ന്യൂസീലൻഡിനുവേണ്ടി ആ ബാറ്റിൽനിന്നും റണ്ണൊഴുകിക്കൊണ്ടേയിരിക്കുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment