കുഞ്ചാക്കോ ബോബൻ – ടിനു പാപ്പച്ചൻ ചിത്രം ‘ചാവേർ’ ഒക്ടോബർ അഞ്ചിനു തിയേറ്ററുകളിലെത്തും. നിർമാതാക്കൾ തന്നെയാണ് പുതിയ റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചത്.സെപ്റ്റംബർ 21-നായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ,ആൻറണി വർഗീസ്,അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ നടി സംഗീതയുമെത്തുന്നുണ്ട്.’ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്.
ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായി എത്തുന്ന സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ ഇതിനകം നാൽപതുലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.രാഷ്ട്രീയ കൊലപാതകങ്ങൾ പ്രമേയമാക്കി കണ്ണൂരിന്റെ പശ്ചാത്തലത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ സിനിമ ഒരുക്കിയിരിക്കുന്നത്.സൂപ്പർ ഹിറ്റായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’,’അജഗജാന്തരം’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ’ചാവേർ’പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണിത്.ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ട്രെയിലറുമൊക്കെ നൽകുന്ന സൂചന.കാവ്യ ഫിലിം കമ്പനി,അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ,വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.