മുക്കത്ത് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐ ടി.ടി.നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എസ്.ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അറസ്റ്റിനു പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മണ്ണുമാന്തി യന്ത്രം കടത്തി പകരം ഇൻഷുറൻസ് രേഖകൾ ഉള്ള മറ്റൊരെണ്ണം എത്തിച്ചത്. ഇതിന് എസ്ഐ ഒത്താശ ചെയ്തുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്