ഓർമയിലെ ഇന്ന്: ജനുവരി – 19 ; ജയിംസ് വാട്ട്

At Malayalam
1 Min Read

ഒരു സ്കോട്ടിഷ് മെക്കാനിക്കൽ എഞ്ചിനിയറായിരുന്നു ജയിംസ് വാട്ട് (1736 ജനുവരി 19 – 1819 ഓഗസ്റ്റ് 25).ഇദ്ദേഹം ആവി യന്ത്രത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകളാണ് വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങൾക്ക് അടിസ്ഥാനമായത്.

ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ഉപകരണ നിർമാതാവായി ജോലിചെയ്യുമ്പോൾ വാട്ട് ആവിയന്ത്രങ്ങളുടെ സാങ്കേതികവിദ്യയിൽ ആകൃഷ്ടനായി. അക്കാലത്ത് നിലവിലുണ്ടായിരുന്ന ആവിയന്ത്രങ്ങൾ ഇടയ്ക്കിടെ സിലിണ്ടർ തണുക്കുകയും വീണ്ടും ചൂടാക്കേണ്ടിവരുകയും ചെയ്യുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്. ഇത് ധാരാളം ഊർജ്ജം നഷ്ടപ്പെടാനിടയാക്കുന്നുണ്ട് എന്ന് വാട്ട് മനസ്സിലാക്കി. ഒരു പ്രത്യേക കണ്ടൻസർ ഉപയോഗിക്കുന്നതിലൂടെ യന്ത്രങ്ങളുടെ ശക്തി വർധിപ്പിക്കാനും ഊർജ്ജനഷ്ടം കുറയ്ക്കാനുമുതകുന്ന ഒരു സാങ്കേതിക സംവിധാനം ഇദ്ദേഹം അവതരിപ്പിച്ചു. ഇതിലൂടെ ആവിയന്ത്രങ്ങളുടെ ചിലവിനനുപാതമായി ലഭിക്കുന്ന പ്രയോജനം വളരെ വർധിച്ചു. കൂടാതെ ആവിയന്ത്രം ചക്രം തിരിക്കാവുന്ന രീതിയിൽ ഉപയോഗിക്കാനുള്ള സംവിധാനവും വികസിപ്പിച്ചു. വെള്ളം പമ്പു ചെയ്യുക എന്നതായിരുന്നു അതുവരെ ആവിയന്ത്രത്തിന്റെ പ്രധാന ഉപയോഗം . ഈ കണ്ടുപിടിത്തത്തോടെ ആവിയന്ത്രം ധാരാളം മേഖലകളിൽ ഉപയോഗിക്കാനുള്ള സാദ്ധ്യത നിലവിൽ വന്നു.

- Advertisement -

ഈ കണ്ടുപിടിത്തം വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ വാട്ട് ശ്രമിക്കുകയുണ്ടായി. 1775-ൽ മാത്യു ബോൾട്ടണുമായി ചേർന്ന് ഒരു സ്ഥാപനം രൂപീകരിക്കുന്നതുവരെ ഇദ്ദേഹം കടുത്ത സാമ്പത്തികബുദ്ധിമുട്ടുകളായിരുന്നു നേരിട്ടത്. പുതിയ കമ്പനി (ബൗ‌ൾട്ടൺ ആൻഡ് വാട്ട്) സാമ്പത്തികമായി നേട്ടമുണ്ടാക്കുകയും വാട്ട് വലിയ ധനികനാവുകയും ചെയ്തു. വാട്ട് പല പുതിയ കണ്ടുപിടിത്തങ്ങളും നടത്തിയെങ്കിലും ഒന്നും ആവിയന്ത്രത്തോളം വിജയം കൈവരിച്ചില്ല. 1819-ൽ 83-ആം വയസ്സിലാണ് ഇദ്ദേഹം മരിച്ചത്. മനുഷ്യചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ഇദ്ദേഹം എന്ന് കണക്കാക്കപ്പെടുന്നു.

കുതിരശക്തി എന്ന ആശയം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ശക്തിയുടെ എസ്.ഐ. യൂണിറ്റായ വാട്ട് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

Share This Article
Leave a comment