ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ‘ഡോൾബി’ ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ് റേ ഡോൾബി (ജനുവരി 18, 1933 – സെപ്റ്റംബർ 12, 2013). ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്. പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ്.ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്.
നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്.ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്.
പോർട്ട്‌ലാന്റിലെ ഒറിഗോണിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്.ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ റേ 1965ൽ ലണ്ടനിൽ ഡോൾബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വെച്ചാണ് ഡോൾബി സൗണ്ട് ടെക്‌നോളജി വികസിപ്പിച്ചത്.
