20-20 ലോകകപ്പു വരുന്നു ,ഇന്ത്യൻ കൺഫ്യൂഷൻ തീർക്കണമേ

At Malayalam
2 Min Read

20 -20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകളെല്ലാം കടന്നു കഴിഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ 29വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് 20-20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2013 നു ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാത്ത ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടവും നഷ്ടപ്പെടുത്തി. അതുകൊണ്ടുതന്നെ 20-20 ലോകകപ്പ് നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം തന്നെയാണ്.

പ്രതിഭയുള്ള മികച്ച താരങ്ങളെ കൊണ്ട് ഇന്ത്യ സമ്പന്നമാണ്. ഇതില്‍ നിന്ന് ആരെയൊക്കെ ഇന്ത്യ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്. 20-20 ലോകകപ്പിന് മുമ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള തലവേദനകള്‍ ചെറുതൊന്നുമല്ല. അതിൽ ആദ്യത്തേത് നായകനെ സംബന്ധിച്ചാണ്. രോഹിത് ശര്‍മക്ക് 20-20 നായകസ്ഥാനം ഇന്ത്യ തിരികെ നൽകിയിട്ടുണ്ട്.

എന്നാല്‍ അഫ്ഗാന്‍ പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ആദ്യത്തെ രണ്ട് മത്സരത്തിലും ഡക്കടിച്ചതോടെ രോഹിത്തിനെ 20-20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മോശം ഫോമിലുള്ള രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോകണോ അതോ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കണോയെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യമാണ്. ഹാര്‍ദിക്കിന് കീഴിലാണ് ഇന്ത്യ പദ്ധതി മെനഞ്ഞിരുന്നത്.

എന്നാല്‍ ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക്കിന് പരിക്കേറ്റതോടെ നീണ്ട വിശ്രമം വേണ്ടിവന്നിരിക്കുകയാണ്. വരുന്ന ഐ പി എല്ലിലൂടെ ഹാര്‍ദിക് മടങ്ങിവരാനൊരുങ്ങുകയാണ്. രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനം അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

- Advertisement -

മറ്റൊരു വലിയ പ്രശ്‌നം വിക്കറ്റ് കീപ്പിങ്ങിലാണ്. ഇന്ത്യ ആരെ വിക്കറ്റ് കീപ്പറാക്കുമെന്നത് സെലക്ടര്‍മാരെ കുഴപ്പിക്കുന്നു. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായുള്ളത്. ഇവരില്‍ ആരെ പരിഗണിക്കണമെന്നതാണ് പ്രധാന വിഷയം. ഇഷാന്‍ കിഷനും ടീം മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാണ്. അതുകൊണ്ടുതന്നെ അഫ്ഗാന്‍ പരമ്പരയില്‍ നിന്നടക്കം ഇഷാന്‍ തഴയപ്പെട്ടിരിക്കുകയാണ്.

കെ എല്‍ രാഹുല്‍ നിലവില്‍ ഇന്ത്യയുടെ 20-20 ടീമിന് പുറത്താണ്. ഇനി ഇന്ത്യ രാഹുലിനെ 20-20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് 20-20യിലേക്ക് വിളി നല്‍കിയപ്പോള്‍ രാഹുലും തിരിച്ചുവരവ് അര്‍ഹിക്കുന്നു. സഞ്ജു സാംസണും 20-20 ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കുന്നു. എന്നാല്‍ മലയാളി താരത്തെ പതിവുപോലെ 20 -20 ലോകകപ്പില്‍ നിന്ന് തഴയാനാണ് സാധ്യത.

ജിതേഷ് ശര്‍മയും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം പിടിക്കാനാണ് കൂടുതൽ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. മറ്റൊന്ന് പേസ് നിരയിലാണ്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഇന്ത്യയുടെ 20-20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കാം. എന്നാല്‍ മൂന്നാം പേസറായി ആരെന്നതാണ് പ്രശ്‌നം. അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവര്‍ തമ്മില്‍ സ്ഥാനത്തിനായി കടുത്ത മത്സരം നടക്കുന്നു. സ്പിന്‍ നിരയിലും സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഉണ്ടാവും. എന്നാല്‍ രവീന്ദ്ര ജഡേജക്കൊപ്പം അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ പരിഗണിക്കണമോ അതോ രവി ബിഷ്‌ണോയിയെ പരിഗണിക്കണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇക്കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാവും. ശിവം ദുബെ, തിലക് വര്‍മ എന്നിവരിലാര് മധ്യനിരയില്‍ വേണമെന്നതും സെലക്ടര്‍മാരെ കുഴപ്പിക്കുന്ന ചോദ്യമാണ്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment