പഞ്ച് ഇവി 17 ന് വരുന്നുണ്ട്

At Malayalam
2 Min Read

ബുക്കിംഗ് ആരംഭിച്ച പഞ്ച് ഇവിയെ എന്ന് അവതരിപ്പിക്കുമെന്ന് റ്റാറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന ബുധനാഴ്ച്ച, അതായത് 2024 ജനുവരി 17-ന് ഏവരും കാത്തിരിക്കുന്ന പഞ്ച് ഇവി വിപണനത്തിന് എത്തുമെന്ന് സാരം. ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ റ്റാറ്റയുടെ ഇലക്ട്രിക് എസ്‌യുവിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിലയിലും റേഞ്ചിലും കൂടി ടാറ്റ നിരാശപ്പെടുത്തിയില്ലെങ്കിൽ സംഗതി കിടുക്കും.

സ്‌പെസിഫിക്കേഷനുകളും വിലയും വെളിപ്പെടുത്തുന്നതിനു മുമ്പു തന്നെ നിരവധിയാളുകളാണ് പഞ്ച് ഇവി ബുക്ക് ചെയ്യാനായി എത്തുന്നത്. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായിരിക്കുമിതെന്നാണ് റിപ്പോർട്ട്. ടാറ്റ മോട്ടോർസിന്റെ ആക്‌ടിവ് ഇവി (ActiveEV) എന്ന രണ്ടാം തലമുറ പ്യുവർ ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്.

- Advertisement -

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗിക ചിത്രങ്ങളിലൂടെ വാഹനത്തെ പരിചയപ്പെടുത്തുകയുണ്ടായി. മിഡ് റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇവി വരുമെന്ന് വ്യക്തമായിട്ടുണ്ട്. കാഴ്ച്ചയിലേക്ക് നോക്കുമ്പോൾ നെക്സോൺ ഇവിയുടെ ചെറിയ പതിപ്പായി തോന്നുന്ന വിധത്തിലാണ് വൈദ്യുത എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത്. മുൻവശത്ത് കണക്റ്റ‌ഡ് എൽഇഡി ഡിആർഎല്ലുകൾ, ക്ലോസ്-ഓഫ് ഗ്രിൽ എന്നിവയാണ് ഹൈലൈറ്റുകൾ.

അതോടൊപ്പം മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയ്‌റോഡെനാമിക് അലോയ് വീലുകൾ, പുതിയ ഡ്യുവൽ-ടോൺ ബമ്പർ എന്നിവയും പെട്രോൾ പഞ്ചിൽ നിന്നും പഞ്ച് ഇവിയെ വ്യത്യസ്‌തമാക്കുന്ന കാര്യങ്ങളാണ്. അതേസമയം പിൻഭാഗം സമാനമാണുതാനും. ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി കുടുംബത്തിന് അനുസൃതമായി മോഡലിനെ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള മറ്റ് ഡിസൈൻ വിശദാംശങ്ങളും ഇവിയിലുണ്ട്. ഈ വർഷാവസാനം അവതരിപ്പിക്കാനിരിക്കുന്ന ഹാരിയർ ഇവിയിലും ഇതേ ഡിസൈൻ തീമായിരിക്കും ഉപയോഗിക്കുക. ഇനി പഞ്ച് ഇലക്‌ട്രിക് എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് വന്നാൽ നെക്‌സോൺ ഇവിയിൽ നിന്നും പലതും കടമെടുത്തിട്ടുണ്ടെന്ന് മനസിലാക്കാം. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ശ്രദ്ധേയമായ കാര്യം. ഇതിന് പുതിയ യുഐ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടാറ്റ ലോഗോ, റോട്ടറി ഡ്രൈവ് സെലക്ടർ എന്നിവയും മറ്റും ലഭിക്കും.

പുതിയ ആക്‌ടി ഡോട്ട് ഇവി മോഡുലാർ പ്ലാറ്റ്‌ഫോം മോഡലിനെയും ബാറ്ററിയെയും ആശ്രയിച്ച് 300 മുതൽ 600 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ പഞ്ച് ഇവി എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ അത്ര എളുപ്പമാവില്ല. എങ്കിലും 300-400 കിലോമീറ്റർ റേഞ്ച് കിട്ടിയാൽ പോലും സന്തോഷത്തിന് വകയുണ്ട്. ചാർജിംഗ് ഓപ്ഷനുകളിൽ സ്റ്റാൻഡേർഡ് പതിപ്പിൽ 3.3 kW, ലോംഗ്റേഞ്ച് മോഡലിൽ 7.2 kW എസി ചാർജറും ഉൾപ്പെടും. ലോംഗ് റേഞ്ച് പതിപ്പ് ഒറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ബാറ്ററി പായ്ക്കുകൾ വിശാലമാകുമെന്നും കാര്യക്ഷമത 10 ശതമാനം മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്ന ഉയർന്ന സാന്ദ്രതയുള്ള സെല്ലുകൾക്കൊപ്പം വരുമെന്നും ടാറ്റ പറയുന്നു. ടാറ്റ പഞ്ച് ഇവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ജനുവരി 17-ന് ലഭ്യമാകും.

- Advertisement -
Share This Article
Leave a comment