പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇതിന്റെ ആഴം വ്യക്തമാക്കുന്ന മറ്റൊരു പഠനമാണ് ചര്‍ച്ചയാകുന്നത്. ശരാശരി ഒരു ലിറ്റര്‍ വെള്ളം സൂക്ഷിക്കാവുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ രണ്ട് ലക്ഷത്തി നാല്പതിനായിരത്തോളം പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പലപ്പോഴും ഇത്തരം ചെറു പ്ലാസ്റ്റിക് കണങ്ങള്‍ തിരിച്ചറിയപ്പെടാത്ത പോകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാള്‍ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങള്‍ ഇന്ന് വിപണിയിലുള്ള കുപ്പി വെള്ളത്തിലുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
വെള്ളത്തില്‍ നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് മുന്‍പ് ഗവേഷകര്‍ക്കിടയില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ പ്രചാരത്തിലില്ലായിരുന്നു. ഇതിനായി മൈക്രോസ്കോപി എന്ന പുതിയ സാങ്കേതിക വിദ്യ ഗവേഷകര്‍ വികസിപ്പിച്ചു. ഇതുപയോഗിച്ചാണ് നാനോപ്ലാസ്റ്റിക്കുകളുടെ അളവ് ജലത്തില്‍ വിലയിരുത്തിയത്.
മൈക്രോപ്ലാസ്റ്റിക്കുകളെക്കാള്‍ ഹാനികരമാണ് നാനോപ്ലാസ്റ്റിക്കുകള്‍. ഇവ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ആരോഗ്യത്തെ കാര്യമായ രീതിയില്‍ ബാധിക്കും. ശരീരത്തില്‍ പ്രവേശിക്കുന്ന നാനോ പ്ലാസ്റ്റിക് കണം അതിവേഗത്തില്‍ രക്തവുമായി കലരുമെന്നും ഇത് അവയവങ്ങളിലേക്ക് എത്തുമെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണിയില്‍ നിന്ന് പ്ലാസന്റ വഴി ഗര്‍ഭസ്ഥ ശിശുവിലേക്കും നാനോപ്ലാസ്റ്റിക് എത്താനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
യുഎസില്‍ പ്രചാരത്തിലുള്ള മൂന്ന് ജനപ്രിയ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വരെ പ്ലാസ്റ്റിക് കണങ്ങളാണ് ഓരോ ലിറ്ററിലും കണ്ടെത്തിയത്. ഇതില്‍ 90 ശതമാനവും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു.
പ്രതിവര്‍ഷം ലോകത്ത് 450 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കുന്നത്. ഇവയില്‍ ഏറിയ പങ്കും ഭൂമിക്ക് വിനാശകാരികളായി മണ്ണില്‍ തുടരുകയാണ്. 2022-ല്‍ നടത്തിയ പഠനത്തില്‍ പൈപ്പ് വെള്ളത്തില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ കുപ്പിവെള്ളത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓരോ തവണയും കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തിലേക്ക് വീഴുന്നുണ്ടെന്ന് 2021-ലെ പഠനത്തിലും കണ്ടെത്തിയിരുന്നു.