ഓർമയിലെ ഇന്ന്: ജനുവരി – 10

At Malayalam
2 Min Read

കെ ജെ യേശുദാസിന്റെ ജന്മദിനം

പ്രശസ്ത സംഗീതജ്ഞനാണ് കെ ജെ യേശുദാസ്‌ എന്ന കാട്ടാശേരി ജോസഫ് യേശുദാസ്. അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ പ്രഗത്ഭനാണ്. 1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മൂത്ത പുത്രനായാണ്‌ യേശുദാസ്‌ ജനിച്ചത്‌.

ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ ജോസഫ് ഭാഗവതർ.

അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ചു ഹൃദിസ്ഥമാക്കിയ യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു വിളിക്കാൻ തുടങ്ങി. തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ്‌, തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനും യേശുദാസിന്റെ സമശീർഷനുമായ പി ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ടു എന്നു വരുത്തി തീർത്ത നോവുള്ള ചരിത്രവുമുണ്ട്‌ അദ്ദേഹത്തിന് .

- Advertisement -

1961 നവംബർ 14-നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്. കെ എസ്‌ ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ടൈഫോയിഡ് പിടിപെട്ടതു മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌ ) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌. അതിന്നും അനുസ്യൂതം തുടരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment