മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി

At Malayalam
1 Min Read

നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി. തമിഴ്നാട് വനംവകുപ്പ് രണ്ടു ഡോസ് മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. അംബ്രോസ് വളവിനു സമീപത്തുനിന്നാണ് പുലിയെ പിടികൂടിയത്. കൂട്ടിലാക്കിയ പുലിയെ ഉടൻ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റും.
ഇന്നു രാവിലെ എട്ടുമണിയോടെ പുലിയെ കണ്ടെത്തിയിരുന്നു. പുലിയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ഞായറാഴ്ച പന്തല്ലൂർ താലൂക്കിൽ ഹർത്താലും പ്രഖ്യാപിച്ചിരുന്നു.

തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ശിവശങ്കർ ഗുരുവയുടെയും മിലന്ദി ദേവിയുടെയും മകളായ നാൻസി ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അങ്കണവാടിയിൽനിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണു കുഞ്ഞിനെ പുലി കടിച്ചുകൊണ്ടുപോയത്. അമ്മയുടെ കരച്ചിൽ കേട്ട് എത്തിയ തൊഴിലാളികളും വനംവകുപ്പ് ജീവനക്കാരും ചേർന്നു നടത്തിയ തിരച്ചിലിൽ കുട്ടിയെ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisement -

സമീപപ്രദേശമായ സേവിയർമട്ടത്തു വീടിനടുത്തു കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ വെള്ളിയാഴ്ച പുലി ആക്രമിച്ചിരുന്നു. അന്ന് അമ്മയുടെ കരച്ചിൽ കേട്ടു പുലി ഓടിപ്പോവുകയായിരുന്നു. കുട്ടിക്കു പരുക്കേറ്റിരുന്നു. രണ്ടാഴ്ച മുൻപു എലമണ്ണ ആദിവാസി ഊരിലെ 3 സ്ത്രീകളെയും പുലി ആക്രമിച്ചിരുന്നു. ഗുരുതര പരുക്കേറ്റ ഒരു യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുലിയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. 

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment