സൗത്താഫ്രിക്കയുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് ടീം ഇന്ത്യ പുതുവര്‍ഷത്തിൽ ആദ്യം കളിക്കുന്നത്. ബുധനാഴ്ച മുതല്‍ കേപ്ടൗണിലാണ് രണ്ടാമങ്കം. ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിനാല്‍ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്കു ഈ മത്സരത്തില്‍ ജയിച്ചേ തീരൂ. അതിനിടെ 2024ല്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറിക്കു രണ്ടാം ടെസ്റ്റ് വേദിയാവുമോയെന്നാണ് ഇന്ത്യൻ ആരാധകര്‍ ഉറ്റുനോക്കുന്നത്.
2015 മുതലുള്ള കണക്കുകളെടുത്താല്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഒരു വര്‍ഷത്തെ ആദ്യത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ തലപ്പത്തുള്ളത് നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്. മൂന്നു തവണയാണ് ഹിറ്റ്മാന്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
രണ്ടു തവണ ഈ നേട്ടം കുറിച്ച മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് തൊട്ടു പിറകില്‍. കെഎല്‍ രാഹുല്‍, നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഓരോ തവണയും ഒരു വര്‍ഷത്തെ ആദ്യത്തെ ഇന്ത്യന്‍ സെഞ്ച്വറിക്കു അവകാശികളായിട്ടുണ്ട്. രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പം കോലി ഈ വര്‍ഷമെത്തുമോയെന്ന ചോദ്യത്തിനു സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റില്‍ ഉത്തരം ലഭിച്ചേക്കും. ഇനി രോഹിത്തും കോലിയുമല്ലാതെ മറ്റാരെങ്കിലുമാവുമോ 2024 ലെ കന്നി ഇന്ത്യന്‍ സെഞ്ച്വറി കുറിക്കുകയെന്നും കാത്തിരുന്നു കാണണം. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ ഇന്ത്യന്‍ സെഞ്ച്വറി സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലിന്റെ വകയായിരുന്നു. സെഞ്ചൂറിയനില്‍ നടന്ന സൗത്താഫ്രിക്കയുമായുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു അദ്ദേഹം മൂന്നക്കം തികച്ചത്.
2015ല്‍ ഇന്ത്യക്കു വേണ്ടി ആദ്യത്തെ സെഞ്ച്വറി കണ്ടെത്തിയത് രാഹുലായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അദ്ദേഹം 110 റണ്‍സുമായി തകർത്തടിച്ചത്. 2016 ല്‍ ആദ്യത്തെ സെഞ്ച്വറിയുടെ അവകാശി രോഹിത്തായിരുന്നു. അന്നും എതിരാളികള്‍ ഓസ്‌ട്രേലിയ തന്നെയായിരുന്നു. അന്നു പക്ഷെ നേട്ടം ടെസ്റ്റിലല്ല, മറിച്ച് ഏകദിനത്തിലായിരുന്നു. പുറത്താവാതെ 171 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. 2017, 18 വര്‍ഷങ്ങളില്‍ കോലിയുടെ ആധിപത്യമാണ് കണ്ടത്. തുടര്‍ച്ചായി രണ്ടു തവണയും വര്‍ഷത്തിലെ ആദ്യത്തെ സെഞ്ച്വറി കുറിച്ചത് കോലിയാണ്. 2017ല്‍ ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ 122 റണ്‍സെടുത്ത അദ്ദേഹം 2018ല്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റില്‍ 153 റണ്‍സും കുറിക്കുകയായിരുന്നു. പക്ഷെ 2019ല്‍ പുജാരയാണ് ആദ്യത്തെ സെഞ്ച്വറിക്കു അവകാശിയായത്. ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 193 റണ്‍സായിരുന്നു. 2020, 21 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണയും ആദ്യത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം രോഹിത്തായിരുന്നു. ഒന്ന് ഏകദിനത്തിലായിരുന്നെങ്കില്‍ മറ്റൊന്നു ടെസ്റ്റിലുമായിരുന്നു. 2020ല്‍ ഓസ്‌ട്രേലിയയുമായുള്ള ഏകദിനത്തില്‍ ഹിറ്റ്മാന്‍ കുറിച്ചത് 119 റണ്‍സാണ്.
2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അദ്ദേഹം 161 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 2022ല്‍ റിഷഭായിരുന്നു കന്നി സെഞ്ച്വറി കണ്ടെത്തിയത്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റില്‍ അദ്ദേഹം പുറത്താവാതെ 100 റണ്‍സെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യത്തെ സെഞ്ച്വറിയുമായി എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചത് സൂര്യകുമാര്‍ യാദവമായിരുന്നു. ഇത്തവണ പക്ഷെ ടെസ്റ്റിലോ, ഏകദിനത്തിലോ അല്ല 20 -20യിലാണ് ആദ്യ സെഞ്ച്വറി പിറന്നത് എന്ന പ്രത്യേകതയുമുണ്ട്. 2015 മുതലിങ്ങോട്ട് 20-20യില്‍ ഒരു വര്‍ഷത്തെ ആദ്യ സെഞ്ച്വറിയടിച്ച ഏക ഇന്ത്യന്‍ താരവും സൂര്യ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന 20 -20 പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. പുറത്താവാതെ 112 റണ്‍സാണ് അന്നു സ്‌കോര്‍ ചെയ്തത്.
