കഴിഞ്ഞാഴ്ചയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് (വിചാരണ) അന്വേഷണം നടത്താൻ ജനപ്രതിനിധിസഭ ഔദ്യോഗിക അംഗീകാരം നൽകിയത്. സെപ്തംബറിൽ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും ബൈഡന്റെ വീഴ്ചകൾക്ക് ഇതുവരെ തെളിവുകളൊന്നും റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സഭ കണ്ടെത്തിയിട്ടില്ല.
ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേ സമയം, അന്വേഷണം വിചാരണയിലെത്തിയാലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിന് ബൈഡനെ കുറ്റവിമുക്തനാക്കാൻ കഴിയും.
ഇംപീച്ച്മെന്റ് അന്വേഷണം നേരിടുന്ന നാലാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ. മൂന്ന് പ്രസിഡന്റുമാരാണ് ഇതുവരെ യു.എസ് ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെട്ടത്. എന്നാൽ, ഇവരെ മൂവരെയും സെനറ്റ് കുറ്റവിമുക്തമാക്കി.
ആൻഡ്രു ജോൺസൺ
1865 ഏപ്രിലിൽ അന്നത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ കൊലപാതകത്തെ തുടർന്നാണ് വൈസ് പ്രസിഡന്റ് ആയിരുന്ന ആൻഡ്രു ജോൺസണെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിച്ചത്. വെളുത്ത വർഗക്കാരെ പിന്തുണയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു ജോൺസൺ. വർണ വിവേചനം അവസാനിപ്പിക്കാനും തുല്യത ഉറപ്പാക്കാനും ജോൺസണെ പുറത്താക്കണമെന്നും പുതിയ പ്രസിഡന്റ് അധികാരമേൽക്കണമെന്നുമുള്ള ആവശ്യം ശക്തമായി.1866ൽ ജനപ്രതിനിധി സഭയിൽ ജോൺസനെ ഇംപീച്ച് ചെയ്തു.
ബിൽ ക്ലിന്റൺ
ഡെമോക്രാറ്റിക് നേതാവും അമേരിക്കയുടെ 42ാം പ്രസിഡന്റുമായിരുന്ന ബിൽ ക്ലിന്റന് നേരെ ഓഫീസിൽ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ തന്നെ അന്വേഷണമുണ്ടായി. റിയൽ എസ്റ്റേറ്റ് സംബന്ധമായ അന്വേഷണത്തിൽ തുടങ്ങി മുൻവൈറ്റ് ഹൗസ് ഇന്റേൺ മോണിക്ക ലെവിൻസ്കിയുമായി ക്ലിന്റനുണ്ടായിരുന്ന രഹസ്യബന്ധത്തിൽ വരെ ആരോപണങ്ങളും അന്വേഷണങ്ങളും നീണ്ടു. മോണിക്കയുമായുണ്ടായിരുന്ന ബന്ധം ആദ്യം ക്ലിന്റൺ നിഷേധിച്ചിരുന്നു. ക്ലിന്റന്റെ ഭാര്യ ഹിലരിയും അന്ന് ഭർത്താവിനൊപ്പം നിന്നു. ഒടുവിൽ ക്ലിന്റൺ തന്നെ ആരോപണങ്ങൾ പരസ്യമായി സമ്മതിച്ചു. 1998ൽ ഇംപീച്ച്മെന്റിന് വിധേയനായ ക്ലിന്റണെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുണ്ടായിരുന്ന സെനറ്റ് കുറ്റവിമുക്തനാക്കി.
ഡൊണാൾഡ് ട്രംപ്
യു.എസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ്. ആദ്യത്തേത് 2020ലും രണ്ടാമത്തേത് തൊട്ടടുത്ത വർഷവും. അധികാര ദുർവിനിയോഗത്തിനും യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനുമായിരുന്നു ആദ്യ നടപടി. കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ ഇംപീച്ച്മെന്റ്. രാജ്യത്ത് കലാപം കൊണ്ടുവരാൻ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമമാണെന്നും ആരോപിക്കപ്പെട്ടു. രണ്ടിലും കുറ്റവിമുക്തനാക്കപ്പെട്ടു.
റിച്ചാർഡ് നിക്സൺ
1974ൽ മറ്റൊരു ഇംപീച്ച്മെന്റ് നടപടിയും അമേരിക്കയിൽ നടന്നിരുന്നു. അമേരിക്കയുടെ 37-ാമത്തെ പ്രസിഡന്റായ റിച്ചാർഡ് നിക്സനെതിരെ. 1974ലെ കുപ്രസിദ്ധമായ വാട്ടർഗേറ്റ് വിവാദത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഇംപീച്ച്മെന്റ് പ്രമേയം സഭയിൽ എത്തുന്നതിന് മുമ്പ് റിച്ചാർഡ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അമേരിക്കൻ ചരിത്രത്തിൽ തന്നെ ആദ്യമായി രാജിവയ്ക്കുന്ന പ്രസിഡന്റായിരുന്നു ഇദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർപാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തുന്നതിനായി റിപ്പബ്ലിക്കൻ നേതാവ് കൂടിയായ റിച്ചാർഡ് നിക്സൺ സി.ഐ.എ ഉൾപ്പടെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി എന്നായിരുന്നു ആരോപണം