രക്ഷകനായി സഞ്ജു, ഇന്ത്യക്ക് പരമ്പര

At Malayalam
1 Min Read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങളും ഇരു ടീമുകളും പങ്കിട്ടിരുന്നു. സഞ്ജുവാണ് മാൻ ഓഫ് ദി മാച്ച്, അര്‍ഷ്ദീപ് സിംഗ് മാൻ ഓഫ് ദി സീരീസ് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. അരങ്ങേറ്റക്കാരന്‍ രജത് പടിധാറിന് (22) അവസരം മുതലാക്കാനായില്ല. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. ഇതിനിടെ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (10) ഇന്ന് വേഗത്തില്‍ മടങ്ങി. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലും (21) സഞ്ജും ഒത്തുചേര്‍ന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സൂക്ഷ്മതയോടെയാണ് ഇരുവരും കളിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു.

19-ാം ഓവറില്‍ രാഹുല്‍ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മയും (52) തപ്പിതടഞ്ഞു. എന്നാല്‍ സഞ്ജുവിനൊപ്പം വിലപ്പെട്ട 116 റണ്‍സ് ചേര്‍ക്കാന്‍ തിലകിനായി. വൈകാതെ സഞ്ജു സഞ്ജു കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി. 114 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. 46-ാം ഓവറില്‍ സഞ്ജു മടങ്ങി. തുടര്‍ന്നെത്തിയ അക്സര്‍ പട്ടേലിനും (1), വാഷിംഗ്ടണ്‍ സുന്ദറിനും (14) നിലയുറപ്പിക്കാനായില്ല. എങ്കിലും റിങ്കു സിംഗ് (27 പന്തില്‍ 38) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിലാണ് റിങ്കു മടങ്ങുന്നത്. 27 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും മൂന്ന് ഫോറും നേടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment