കഴിഞ്ഞ ആഴ്‌ച അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എം. വി. റ്യൂവൻ എന്ന മാൾട്ട ചരക്കു കപ്പലിലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിച്ച് ഇന്ത്യൻ നാവിക സേന. യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചിയാണ് കൊള്ളക്കാരുടെ വെടിവയ്‌പിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ എത്തിയത്. തോളിനടുത്താണ് വെടിയേറ്റത്.
ഇന്ത്യൻ നാവിക സേനാംഗങ്ങൾ കടൽക്കൊള്ളക്കാരുമായി സംസാരിച്ചെന്നും അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ജീവനക്കാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഒമാൻ തീരത്തെത്തിച്ചെന്നും നാവികസേന പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.
കഴിഞ്ഞ ആഴ്‌ച മാൾട്ട ചരക്കു കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാർ ഏറ്റെടുത്തെന്ന അപായ സന്ദേശമെത്തിയ ഉടൻ ആദ്യം പ്രതികരിച്ചത് ഇന്ത്യൻ നാവിക സേനയാണ്. കപ്പലിനെ രക്ഷിക്കാൻ സേനയുടെ യുദ്ധക്കപ്പലും പട്രോൾ വിമാനവും പാഞ്ഞെത്തി. മാൾട്ട കപ്പലിനെ തടയുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
