തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ഇനി ഒറ്റ ആപ്പിലൂടെ നിങ്ങളുടെ വിരൾതുമ്പിലെത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കെ-സ്മാര്‍ട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) ആപ്പ് ജനുവരി 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഓഫീസുകളില്‍ പോകാതെ തന്നെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കണ്ട സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും. ആദ്യ ഘട്ടത്തിൽ കോര്‍പറേഷനുകളിലും നഗരസഭകളിലും നടപ്പിലാക്കും. രാജ്യത്ത് തന്നെ ഇത്തരമൊരു സംവിധാനം ആദ്യമായാണ്.
ഡിജിറ്റലായി അപേക്ഷകള്‍ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും ആപ്പിൽ സൗകര്യമുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത 30 തോളം സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ ഇതിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ 10 മോഡ്യൂളിലെ സേവനമായിരിക്കും ലഭിക്കുക. വ്യാപാര, വാണിജ്യ ലൈസന്‍സുകള്‍, വസ്തുനികുതി, പൊതുജന പരാതി പരിഹാരം, വിപുലമായ ധനസേവനങ്ങള്‍, കെട്ടിട നിര്‍മാണ പ്ലാന്‍ അംഗീകരിക്കല്‍ തുടങ്ങിയ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കും. എവിടെ നിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സപ്പിലൂടെയും ലഭ്യമാവും.
