ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ സജ്ജൻ ജിൻഡാലിനെതിരെ ബലാത്സംഗ പരാതി. 30 വയസ്സുള്ള നടിയുടെ പരാതിയിന്മേൽ ബികെസി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2022 ജനുവരിയിൽ ബാന്ദ്ര-കുർള കോംപ്ലക്സിലെ കമ്പനിയുടെ ഹെഡ് ഓഫീസിന് മുകളിലുള്ള പെന്റ് ഹൗസിൽ വെച്ചാണ് ബലാത്സംഗം നടന്നതെന്ന് പരാതിക്കാരി പറഞ്ഞു. ഈ വർഷമാദ്യം താൻ നൽകിയ പരാതി പോലീസ് സ്വീകരിച്ചില്ലെന്നും, കോടതിയെ സമീപിച്ചതിനെ തുടർന്ന് പോലീസിനോട് പരാതി രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടെന്നും അവർ പറഞ്ഞു.
2021 ഒക്ടോബറിൽ ദുബായിൽ ഒരു ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ജിൻഡാലിനെ ആദ്യമായി പരിചയപ്പെടുന്നതെന്നും, തുടർന്ന് നല്ല സുഹൃത്തുക്കലായെന്നും നടി പറയുന്നു. 2022 ജനുവരിയിൽ, കമ്പനിയുടെ ആസ്ഥാനത്ത് ഒരു മീറ്റിംഗിനായി എത്തിയ നടിയെ, ജിൻഡാൽ പെന്റ്ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് തന്റെ നമ്പർ ബ്ലോക്ക് ചെയ്തെന്നും പരാതിക്കാരി പറഞ്ഞു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 376 (ബലാത്സംഗം), 354, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ബികെസി പോലീസ് അറിയിച്ചു.