ഐ പി എൽ പതിനേഴാം സീസണ് മുന്നോടിയായി നിര്‍ണ്ണായക തീരുമാനം എടുത്തിരിയ്ക്കുന്നു മുംബൈ ഇന്ത്യന്‍സ്. നായകസ്ഥാനത്ത് നിന്നു രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് ചെറിയ കാര്യമായി കാണാനാവില്ല. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ നായകനാക്കുമ്പോള്‍ മുംബൈക്കും ഒപ്പം ഹാർദിക്കിനും അത് വലിയ പ്രതീക്ഷാഭാരം കൂടിയാണന്നതിൽ തർക്കമില്ല.രോഹിത് ശര്‍മ 10 വര്‍ഷത്തോളം മുംബൈയുടെ നായകനായിരിക്കുകയും ടീമിനെ അഞ്ചു തവണ കിരീടത്തിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്.
രോഹിത്തിനെ നായകസ്ഥാനത്ത് നിന്നു നീക്കിയതാകട്ടെ തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. മുംബൈ തിരക്കിട്ട് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ഹാര്‍ദിക്കിനെ നായകനാക്കുകയും ചെയ്തത് മണ്ടന്‍ തീരുമാനമാണെന്ന് ക്രിക്കറ്റ് ലോകത്തൊരു ചർച്ചയുണ്ടത്രേ. അതിന് പിൻബലം നൽകുന്ന കാരണങ്ങളും ചെറുതല്ല.ഒന്നാമത്തെ കാര്യം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത നീക്കമാണ് മുംബൈ നടത്തിയിരിക്കുന്നത് എന്നതു തന്നെ. അടുത്ത സീസണില്‍ക്കൂടി രോഹിത്തിനെ നായകനാക്കിയ ശേഷം ഹാര്‍ദിക്കിന് നായകസ്ഥാനം കൈമാറുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഒഴിവാക്കിയതോടെ മുംബൈ രോഹിത്തിനെ അപമാനിച്ചിരിക്കുകയാണെന്നാണ് ഈ വിലയിരുത്തലിൽ പറയുന്നത്.രോഹിത് ഹാര്‍ദിക്കിന് നായകസ്ഥാനം കൈമാറുന്ന രീതിയിലായിരുന്നെങ്കില്‍ അദ്ദേഹത്തോട് ടീം നീതികാട്ടിയെന്ന് പറയാമായിരുന്നു. അതൊന്നും സംഭവിയ്ക്കാത്തതുകൊണ്ടുതന്നെ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നുമുണ്ട്.മറ്റൊരു പ്രധാന കാര്യം ഹാര്‍ദിക്കിന്റെ മടങ്ങിവരവ് മുംബൈയിലെ പല സീനിയര്‍ താരങ്ങള്‍ക്കും അത്ര രസിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈയില്‍ സീനിയര്‍ താരങ്ങളായി ഉണ്ടായിട്ടും ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ ടീമിനുള്ളില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തം. ഹാര്‍ദിക്കിന്റെ മടങ്ങിവരവിനു പിന്നാലെ ജസ്പ്രീത് ബുംറയിട്ട പോസ്റ്റ് വൈറലായിരുന്നു. സൂര്യകുമാര്‍ ഇന്ത്യയുടെ 20-20 നായകനെന്ന നിലയില്‍ കൈയടി നേടുകയും ചെയ്യുന്നു.
ഈ സമയത്ത് ഹാര്‍ദിക്കിനെ മടങ്ങിവന്ന ഉടന്‍ തന്നെ നായകസ്ഥാനം ഏല്‍പ്പിച്ചത് തിരിച്ചടിയാകാനാണ് സാധ്യത എന്നും വിലയിരുത്തുന്നുണ്ട്. ഒരു വര്‍ഷം ടീമിനുള്ളില്‍ തുടരുകയും പഴയ സൗഹൃദം വീണ്ടെടുക്കുകയും ചെയ്ത ശേഷം ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കുന്നതായിരുന്നു നല്ല തീരുമാനമെന്നാണ് ഇവർ പറയുന്നത്. രോഹിത് ശര്‍മ കൂടി എതിരായാല്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല എന്നത് വാസ്തവമാണ്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരിഹസിച്ച് ഹാര്‍ദിക് സംസാരിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടി മുംബൈയെപ്പോലെ കപ്പടിക്കാന്‍ ആര്‍ക്കുമാവുമെന്നാണ് ഹാര്‍ദിക് അന്നു പറഞ്ഞത്. ഇതിന് രോഹിത് ശര്‍മ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിനെപ്പോലെയുള്ള മികച്ച താരങ്ങളെ സൃഷ്ടിച്ചത് മുംബൈയാണെന്നും ഇനിയും മുംബൈ യുവതാരങ്ങളെ സൂപ്പര്‍ താരങ്ങളാക്കുമെന്നുമാണ് രോഹിത് ഹാര്‍ദിക്കിന് മറുപടി നല്‍കിയത്.
മുംബൈയെ അപമാനിച്ച താരത്തെ നായകസ്ഥാനം നല്‍കി തിരികെ കൊണ്ടുവരുന്നതിനോട് വലിയ അതൃപ്തി ടീമിനുള്ളിലും ആരാധകര്‍ക്കുമുണ്ടാവും. ഇത് മുംബൈയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മറ്റൊന്ന് ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചാണ്. ഇടയ്ക്കിടെ പരിക്കേല്‍ക്കുന്ന ഹാര്‍ദിക്കിനെ വിശ്വസ്തനെന്ന് പറയാനുമാവില്ല. അതുകൊണ്ടുതന്നെ മുംബൈ തിടുക്കപ്പെട്ട് ഹാർദിക്കിനെ നായകനാക്കിയത് മണ്ടത്തരമായിപ്പോയെന്ന് തന്നെ ഈ വാദഗതി ഉന്നയിയ്ക്കുന്നവർ വിലയിരുത്തുന്നു. വരുന്ന സീസണില്‍ കിരീടം നേടേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. കാരണം മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചു കിരീടമെന്ന റെക്കോഡിനൊപ്പം അവസാന സീസണോടെ സി എസ് കെ എത്തിയിട്ടുമുണ്ട്. രോഹിത്തിന്റെ കഴിഞ്ഞ മൂന്നു സീസണിലെ പ്രകടനം മോശമായിരുന്നു.
അതുകൊണ്ടുതന്നെ നായകനെ മാറ്റി കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്ന പരീക്ഷണമാണ് മുംബൈ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇത് ഗുണം ചെയ്യുമോയെന്നത് വരും നാളുകളിൽ കണ്ടറിയേണ്ടിവരും.