പാർലമെൻ്റിൽ അതിക്രമം നടത്തിയ പ്രതികൾ സ്വയം തീക്കൊളുത്താനും ലഘുലേഖകൾ വിതരണം ചെയ്യാനും പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. സ്മോക്ക് സ്പ്രേകളുമായി പാർലമെന്റിൽ എത്തുന്നതിന് മുമ്പായിരുന്നു ഈ നീക്കമെന്നും ഡൽഹി പൊലീസ് അറിയിച്ചു. എന്നാൽ ദേഹത്ത് പുരട്ടാനുള്ള ക്രീം കിട്ടാത്തതിനാൽ തീക്കൊളുത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ സാഗർ ശർമ, മനോരഞ്ജൻ ഡി. അമോൽ ഷിൻഡെ, നീലം ദേവി, ലളിത് മോഹൻ ഝാ എന്നിവർ അറസ്റ്റിലായിരുന്നു.
ഏഴ് സ്മോക്ക് സ്പ്രേകളുമായാണ് ഇവർ പാർലമെന്റിലെത്തിയത്. ഗൂഗിളിൽ പാർലമെന്റിന് ചുറ്റുമുള്ള പ്രദേശങ്ങൾ മനസിലാക്കിയ ഇവർ, പാർലമെൻ്റ് സുരക്ഷയുടെ പഴയ വിഡിയോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി പഠിച്ചു. ശരീരത്തിൽ ഫയർപ്രൂഫ് ജെൽ പുരട്ടി തീക്കൊളുത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ സിഗ്നൽ ആപ് വഴിയാണ് സംസാരിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
