ഓവറുകൾക്കിടയിലുള്ള സമയം നിയന്ത്രിക്കുന്നതിന് “സ്റ്റോപ്പ് ക്ലോക്ക്”നിയമം ഇന്ന് നടക്കുന്ന വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ബോളിങ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറയ്ക്കുന്നതാണ് സ്റ്റോപ്പ് ക്ലോക്ക് നിയമം. ഒരു ഓവർ പൂർത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ തയാറാവണം. ഒരു കളിയിൽ മൂന്നുതവണ ഈ സമയം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് ലഭിക്കും. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കും അധിക റൺസ് നൽകുക.
മത്സരങ്ങൾക്കിടയിലെ ഇടവേള കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സ്റ്റോപ്പ് ക്ലോക്ക് നിയമം നിലവിൽ കൊണ്ടുവരുന്നത്. നിയമം നടപ്പാക്കുന്നതോടെ ബൗളിങ് ടീമിന് കൂടുതൽ സമ്മർദമുണ്ടാകും. നിയമത്തേക്കുറിച്ച് ക്രിക്കറ്റ് വിദഗ്ധർക്കിടയിൽത്തന്നെ ഭിന്നാഭിപ്രായമാണുള്ളത്.
