ഇന്ത്യയുടെ സൗര്യ ദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തിലേക്കുള്ള കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ആദിത്യ എൽ 1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിരിക്കുകയാണ്. പേടകത്തിലെ സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (എസ്.യു. ഐ.ടി/ സ്യൂട്ട്) എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ1 ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.സൗരാന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തുന്നതിലൂടെ, സൂര്യന്റെ കാലാവസ്ഥയെ കുറിച്ചും ത്വക്ക് കാൻസറിന് കാരണമാകുന്ന യുവി വികിരണത്തിന്റെ സാധ്യതയെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കും.