മലയാളത്തില്‍ ‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’ എന്നീ സിനിമകളുടെ റീ റിലീസിങ് പുതിയൊരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റീ റിലീസ് ചെയ്ത സ്ഫടികം മൂന്നു കോടിയോളം രൂപ തിയേറ്ററില്‍ നിന്നും നേടിയിരുന്നു. കേരളീയം പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച മണിച്ചിത്രത്താഴ് കാണാനായി പ്രേക്ഷകരുടെ തിക്കും തിരക്കുമായിരുന്നു.
എന്നാല്‍ ഈ ട്രെന്‍ഡ് തമിഴിലും തെലുങ്കിലും വര്‍ക്ക് ഔട്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ‘മുത്തു’ തിയേറ്ററില്‍ കാണാനായി ആരും എത്താത്തതിനാല്‍ എല്ലാ ഷോകളും റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. ഡിസംബര്‍ രണ്ട് ശനിയാഴ്ച ആയിരുന്നു ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രം കാണാൻ ആരും എത്താത്തതിനാല്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും റദ്ദാക്കിയതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. രജനികാന്തിന്റെ ‘ബാഷ’, ‘ബാബ’ എന്നീ ചിത്രങ്ങള്‍ വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോഴും പ്രേക്ഷകര്‍ വളരെ കുറവായിരുന്നത്രേ.
അതേസമയം കമല്‍ ഹാസന്‍ ചിത്രം ‘ആളവന്താന്‍’ ആണ് ഇനി തമിഴകത്ത് റീ റിലീസിംഗിന് ഒരുങ്ങുന്ന ചിത്രം. 2001ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പരാജയമായിരുന്നു. ഡിസംബര്‍ എട്ടിനാണ് ചിത്രത്തിന്റെ റീ റിലീസ്. ചിത്രം കാണാന്‍ ആളെത്തുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കളും തിയേറ്ററുടമകളും ഇപ്പോള്‍.