‘തിരുനെല്ലിയുടെ കഥാകാരി’, പി. വത്സലയ്ക്ക് വിട

At Malayalam
1 Min Read

“തിരുനെല്ലിയുടെ കഥാകാരി’ എന്ന് അറിയപ്പെട്ടിരുന്ന എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായിരുന്ന പി. വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.

വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച “നെല്ല് ‘ എന്ന നോവലിലൂടെയാണ് എഴുത്തിന്‍റെ ലോകത്ത് ശ്രദ്ധേയയായത്. ഈ നോവല്‍ പിന്നീട് എസ്.എല്‍. പുരം സദാനന്ദന്‍റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. 75ൽ പ്രസിദ്ധീകരിച്ച നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും നേടിയിരുന്നു. 2021ല്‍ കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനും കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിനും മറ്റ് ഒട്ടേറെ ബഹുമതികൾക്കും അര്‍ഹയായി.

കാനങ്ങാട്ട് ചന്തുവിന്‍റെയും പത്മാവതിയുടെയും മകളായി 1938 ഏപ്രില്‍ 4നാണ് ജനനം. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. അധ്യാപകനായിരുന്ന കക്കോട് മാറോളി എം. അപ്പുക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍ മാറോളി, ഡോ. മിനി. മരുമക്കള്‍: ഡോ. നീനാ കുമാര്‍, അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാര്‍. കോഴിക്കോട് മുക്കം അഗസ്ത്യാമൂഴിയിൽ മകൾക്കൊപ്പമായിരുന്നു താമസം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment