ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

At Malayalam
3 Min Read

ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ ഓള്‍ ഔട്ടാകുന്നത്. 13 ഫോറും 3 സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഏഴുപന്തില്‍ നാലുറണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി.പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. മത്സരം പാതിവഴി പിന്നിട്ടപ്പോള്‍ 25 ഓവറില്‍ 131 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അര്‍ധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ചുറിയാണിത്.

- Advertisement -

ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിന്‍സ് ആരാധകരെ നിശബ്ദരാക്കി. 63 പന്തില്‍ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റണ്‍സെടുത്ത കോലി കമ്മിന്‍സിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.ആറാമനായി സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയെയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ജഡേജയ്ക്ക് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. 40 ഓവറില്‍ ഇന്ത്യ 197 റണ്‍സാണ് നേടിയത്. 40.5 ഓവറില്‍ ടീം സ്‌കോര്‍ 200-ല്‍ എത്തി. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസിന്‍രെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്.എന്നാല്‍ വെറും ആറുറണ്‍സെടുത്ത ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 48-ാം ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും പുറത്തായി. ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സറില്‍ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തില്‍ 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റില്‍ കുല്‍ദീപും സിറാജും ചേര്‍ന്നാണ് ടീം സ്‌കോര്‍ 240-ല്‍ എത്തിച്ചത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കുല്‍ദീപ് റണ്‍ ഔട്ടായി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment