ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത്

At Malayalam
1 Min Read
The first destination wedding center is at Shankhumugham

സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കേന്ദ്രം. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി.

വരന്റെയോ വധുവിന്റെയോ വീടുകളില്‍ നടത്തിവരുന്ന കല്യാണ ചടങ്ങുകള്‍ രണ്ട് വീടുകളിലെയും ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. പ്രധാനമായും സ്ഥല സൗകര്യം, യാത്രാ സൗകര്യം, താമസ സൗകര്യം എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം കല്യാണങ്ങള്‍ക്ക് വേദി തിരഞ്ഞെടുക്കുക.രണ്ടുമുതല്‍ നാലുദിവസം വരെ ചെലവഴിച്ച് കല്യാണങ്ങള്‍ നടത്തുന്നവരുണ്ട്.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.

ഇതോടൊപ്പം ശംഖുമുഖം ബീച്ചും പരിസരവും മനോഹരമാക്കാനും പദ്ധതിയുണ്ട്. ബീച്ച് കേന്ദ്രീകരിച്ച് നൈറ്റ്‌ലൈഫ് കേന്ദ്രവും ഒരുക്കുന്നുണ്ട്. നവംബറില്‍ നിര്‍മാണം ആരംഭിച്ച് അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.

- Advertisement -

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഡെസ്റ്റിനേഷന്‍ കല്യാണങ്ങളുടെ പ്രധാന കേന്ദ്രം. വയനാട്, മൂന്നാര്‍ പോലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. ‘വെഡ്ഡിങ് ടൂറിസം’ പ്രചരിപ്പിക്കാന്‍ ടൂറിസം വകുപ്പ് രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്. കല്യാണങ്ങള്‍ക്കായി കേരളം തേടി കൂടുതല്‍ പേര്‍ എത്തുന്നതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള വരുമാനവും ഉയരും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment