ഒമ്പത് ബൗളർമാരെ ഇറക്കി ഞെട്ടിച്ച് ടീം ഇന്ത്യ

At Malayalam
2 Min Read

ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള മത്സരത്തില്‍ ബൗളിങിന്‍റെ കാര്യത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ടീം ഇന്ത്യ. അഞ്ചു ബൗളിങ് ഓപ്ഷനുകളുമായിട്ടാണ് ഇന്ത്യ ഈ മത്സരത്തില്‍ ഇറങ്ങിയതെങ്കിലും ഒമ്പതു പേരാണ് കളിയില്‍ പന്തെറിയാനെത്തിയത്. കരിയറിലാദ്യമായി ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബൗളിങില്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമെല്ലാം ബൗളിങില്‍ ഒരുകൈ നോക്കിയിരുന്നു. ഇവരില്‍ രോഹിത്തും കോലിയും ഓരോ വിക്കറ്റുകള്‍ വീതം നേടുകയും ചെയ്തു.

എന്തുകൊണ്ടാണ് നാലു പാര്‍ട്ട് ടൈം ബൗളര്‍മാരെ ഈ മത്സരത്തില്‍ പരീക്ഷിച്ചതെന്നു മത്സര ശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിത്. നിലവില്‍ ടീമില്‍ അഞ്ചു ബൗളര്‍മാര്‍ മാത്രമേയുള്ളൂവെന്നതിനാല്‍ കൂടുതല്‍ ബൗളിങ് ഓപ്ഷനുകള്‍ക്കു വേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയതെന്നു രോഹിത് പറഞ്ഞു.

അഞ്ചു ബൗളര്‍മാര്‍ മാത്രമുള്ളപ്പോള്‍ ടീമില്‍ പുതിയ ഓപ്ഷനുകളുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ഇന്നു ഞങ്ങള്‍ക്കു ഒമ്പതു ബൗളിങ് ഓപ്ഷനുകളുണ്ടായിരുന്നു. അതു വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ക്കു ചില കാര്യങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കുന്ന മത്സരമായിരുന്നു ഇത്. ആവശ്യമില്ലാതിരുന്നിട്ടും സീമര്‍മാര്‍ വൈഡ് യോര്‍ക്കറുകള്‍ ഈ കളിയില്‍ പരീക്ഷിച്ചിരുന്നു, പക്ഷെ ഇതു ചെയ്യണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ എന്തെങ്കിലും വ്യത്യസ്തമായി പരീക്ഷിച്ചു നോക്കണമെന്നു ഞങ്ങള്‍ ആഹ്രിച്ചു. ഞങ്ങള്‍ക്കു എന്തു നേടിയെടുക്കാന്‍ സാധിക്കുമെന്നു കാണൂ എന്നും രോഹിത് പറഞ്ഞു.

പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പിന്‍മാറിയതോടെയാണ് ഇന്ത്യക്കു ആറാമത്തെ ബൗളിങ് ഓപ്ഷന്‍ നഷ്ടമായത്. എന്നാല്‍ മുന്‍ മത്സരങ്ങളിലെല്ലാം എതിരാളികളെ തീര്‍ക്കാന്‍ അഞ്ചു ബൗളിങ് ഓപ്ഷനുകള്‍ തന്നെ ഇന്ത്യക്കു ധാരാളമായിരുന്നു. ന്യൂസലാന്‍ഡുമായുള്ള സെമി ഫൈനല്‍ പോരാട്ടം ബുധനാഴ്ച മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കെയാണ് മറ്റു ബൗളിങ് ഓപ്ഷനുകള്‍ ഡച്ച് ടീമിനെതിരേ ഇന്ത്യ പരീക്ഷിച്ചു നോക്കിയത്. അതു അത്ര വലിയ ഫ്‌ളോപ്പായതുമില്ല. പാര്‍ട്ട് ടൈം ബൗളർമാരില്‍ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്തത് കോലിയായിരുന്നു. മൂന്നോവറുകള്‍ ബൗള്‍ ചെയത അദ്ദേഹം 4.3 ഇക്കോണമി റേറ്റിലാണ് ഒരു വിക്കറ്റെടുത്തത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെയാണ് അദ്ദേഹം പുറത്താക്കിയത്. ഈ ലോകകകപ്പില്‍ ഇതാദ്യമായല്ല കോലി ബൗള്‍ ചെയ്തത്. നേരത്തേ ബംഗ്ലാദേശുമായുള്ള കളിയില്‍ ബൗളിങിനിടെ ഹാര്‍ദിക് പരിക്കേറ്റ് വീഴുകയും തുടര്‍ന്ന് ഗ്രൗണ്ട് വിടുകയും ചെയ്തപ്പോള്‍ ഓവര്‍ പൂര്‍ത്തിയാക്കിയത് കോഹ്ലിയായിരുന്നു.

- Advertisement -

നെതര്‍ലാന്‍ഡ്‌സിനെതിരേ കോഹ്ലി മൂന്നോവറുകള്‍ ബൗള്‍ ചെയ്തപ്പോള്‍ ഗില്ലും സൂര്യയും രണ്ടോവറുകള്‍ വീതം പന്തെറിഞ്ഞു. ഗില്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും സൂര്യ തല്ലുവാങ്ങി. രണ്ടോവറില്‍ വിക്കറ്റില്ലാതെ 5.5 ഇക്കോണമി റേറ്റില്‍ 11 റണ്‍സാണ് ഗില്‍ വഴങ്ങിയത്.
സൂര്യയാവട്ടെ രണ്ടോവറില്‍ 8.5 ഇക്കോണമി റേറ്റില്‍ 17 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഡച്ച് ഇന്നിങ്‌സിന്റെ ക്ലൈമാക്‌സിലാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി രോഹിത് ബൗളിങിനെത്തിയത്. ഏകദിനത്തില്‍ നേരത്തേ അദ്ദേഹം ബൗള്‍ ചെയ്തത് ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. ഓവറിലെ നാലാമത്തെ ബോളില്‍ സിക്‌സര്‍ വഴങ്ങിയെങ്കിലും തൊട്ടടുത്ത ബോളില്‍ നെതര്‍ലാന്‍ഡ്‌സിന്റെ ടോപ്‌സ്‌കോററായ തേജ നിദാമാനൂരുവിനെ (54) പുറത്താക്കി വിക്കറ്റ് നേട്ടക്കാരുടെ ലിസ്റ്റില്‍ രോഹിത് തന്റെ പേരും കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ 40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കളിയില്‍ ഫിഫ്റ്റിയും ഒരു വിക്കറ്റുമെടുത്ത ഇന്ത്യന്‍ നായകനായും അദ്ദേഹം മാറിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment