ഇന്ന് നവംബർ 14, ലോക പ്രമേഹദിനം. പ്രമേഹ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം തുടക്കത്തിൽ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മറ്റു പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
പ്രമേഹ രോഗികളുടെ എണ്ണം ആശങ്ക പരത്തുന്ന വിധം ഇക്കാലത്ത് വർധിയ്ക്കുകയാണ്.ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രമേഹം അപകടകാരിയാണ്. ലോക രാജ്യങ്ങൾക്കിടയിൽ, സമ്പദ് വ്യവസ്ഥ മാനദണ്ഡമല്ലാത്ത വിധം പ്രമേഹം വർധിച്ചു വരുന്ന സ്ഥിതിയുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ മനുഷ്യരാശിയെ ആകെ ബാധിയ്ക്കുന്ന മാരക വിപത്തായി പ്രമേഹം വ്യാപിയ്ക്കും എന്നതിൽ സംശയമില്ല.
പ്രമേഹം എങ്ങനെയുണ്ടാകുന്നു:
രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുമ്പോൾ നിയന്ത്രിയ്ക്കുന്നത് പാൻക്രിയാസാണ്. ശരീരത്തിൽ ആവശ്യമുള്ളത്ര ഇൻസുലിൻ ഉദ്പാദിപ്പിച്ച് പാൻക്രിയാസ് പഞ്ചസാരയുടെ അളവു നിയന്ത്രിയ്ക്കും. എന്നാൽ തുടർച്ചയായി വലിയ അളവിൽ പഞ്ചസാര രക്തത്തിൽ കലരുന്നതിലൂടെ ഈ പ്രവർത്തനം ക്രമേണ മന്ദഗതിയിലാകും. അങ്ങനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർധിക്കുന്ന അവസ്ഥയെയാണ് പ്രമേഹം എന്നു വിശേഷിപ്പിക്കുന്നത്.
ടൈപ്പ് 1 പ്രമേഹം: പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിയ്ക്കാതെ വരുമ്പോൾ സംഭാവിയ്ക്കുന്നത്.
ടൈപ്പ് 2 പ്രമേഹം: പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ പുറപ്പെടുവിക്കുന്നുണ്ടങ്കിലും ശരീരത്തിന് അത് കാര്യക്ഷമമായ രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവകൊണ്ട് ടൈപ്പ് 2 പ്രമേഹം ഉണ്ടാകും.
പ്രമേഹം വർധിക്കുമ്പോൾ സംഭവിക്കുന്നത്:
കാഴ്ചക്കുറവ്,കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ,ഹൃദയ സ്തംഭനം,സ്ട്രോക്ക്,
കാലുകളുടെ ബലക്കുറവ്.
മികച്ച ഭക്ഷണ രീതി പിന്തുടരുകയും ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുക്കുകയും ചെയ്താൽ പ്രമേഹം ഒഴിവാക്കാം. തുടർച്ചയായി മരുന്നു കഴിച്ചും കൃത്യമായി വ്യായാമം ചെയ്തും മറികടക്കാനുമാകും.
ആക്സസ് ടു ഡയബെറ്റിസ് കെയർ:
ഇത്തവണത്തെ പ്രമേഹ ദിനത്തിൻറെ തീം ആക്സസ് ടു ഡയബെറ്റിസ് കെയർ എന്നതാണ്. എല്ലാവർക്കും പ്രമേഹരോഗത്തിൽ നിന്ന് മുക്തി ലഭിയ്ക്കുന്നതിനുള്ള ചികിത്സയും പരിചരണവും ഉറപ്പു വരുത്തുക. ലോകത്ത് ഇൻസുലിൻ കണ്ടുപിടിച്ചിട്ട് 100 വർഷം പിന്നിടുമ്പോഴും ലക്ഷക്കണക്കിനാളുകൾക്ക് അത് ലഭ്യമാകാത്ത അവസ്ഥയുണ്ട്. പ്രമേഹമുള്ളവർക്ക് നിരന്തരമായ ശ്രദ്ധയും പിന്തുണയും അത്യാവശ്യമാണ്. ഈ അവസ്ഥ മറികടക്കാനുള്ള ചികിത്സയും കുറഞ്ഞ ചെലവിൽ ലഭ്യമാകുകയും വേണം.
