ഒമ്പതിൽ ഒമ്പതും ജയിച്ച് ഇന്ത്യ

At Malayalam
2 Min Read
India defeated the Netherlands by 160 runs in the World Cup .

ലോകകപ്പിൽ നെതർലൻഡ്സിനെ 160 റൺസിനു പരാജയപ്പെടുത്തിയ ഇന്ത്യ, ലീഗ് ഘട്ടത്തിൽ കളിച്ച ഒമ്പത് മത്സരങ്ങളും ജയിച്ചു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 410 റൺസ് ആണ് നേടിയത്. 94 പന്തിൽ 128 റൺസ് നേടി പുറത്താവാതെ നിന്ന ശ്രേയാസ് അയ്യർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. നെതർലൻഡ്സിന്‍റെ മറുപടി ബാറ്റിംഗില്‍ 47.5 ഓവറിൽ 250 റൺസിന് അവസാനിച്ചു.

സെമി ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞെങ്കിലും മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്‌മൻ ഗില്ലും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 100 റൺസ് ചേർത്തു. ഗിൽ 32 പന്തിൽ 51 പുറത്തായതിനു പിന്നാലെ രോഹിത്തും 54 പന്തിൽ 61 മടങ്ങിയെങ്കിലും, വിരാട് കോലിയുടെ 56 പന്തിൽ 51 അർധ സെഞ്ചുറി ഇന്നിങ്സിനു ബലമായി. ലോകകപ്പിലെ റൺവേട്ടയിൽ ക്വിന്‍റൺ ഡി കോക്കിനെ മറികടക്കാനും കോലിക്കു സാധിച്ചു.

കോലി പുറത്തായ ശേഷം ശ്രേയസ് അയ്യരും കെ.എൽ. രാഹുലും ചേർന്നാണ് മികച്ച സ്കോറിലേക്കു നീങ്ങുകയായിരുന്ന ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. സെഞ്ചുറി നേടിയ ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 208 റൺസും ചേർത്തു. ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെയാണ് 63 പന്തിൽ 102 റൺസെടുത്ത് രാഹുൽ പുറത്തായത്. 62 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ രാഹുൽ, ലോകകപ്പിൽ ഇന്ത്യക്കാരന്‍റെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡും സ്വന്തം പേരിൽ കുറിച്ചു.

ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ടീമിലെ ആദ്യ അഞ്ച് പേർ അമ്പത് റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. ഈ ലോകകപ്പിലെ മോശമല്ലാത്ത പ്രകടനത്തിന്‍റെ ചില മിന്നലാട്ടങ്ങൾ മാത്രമാണ് മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിനു പുറത്തെടുക്കാനായത്. ഏഴാം നമ്പറിൽ കളിച്ച തേജ നിഡമാനുരു 39 പന്തിൽ 54 റൺസെടുത്ത് ടോപ് സ്കോററായി. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റ് വിരാട് കോലിയും രോഹിത് ശർമയും പങ്കിട്ടു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment