ഇന്ന് (ഏപ്രിൽ 28 ) , അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ഉൾപെടെയുള്ള ആക്ഷൻ കൗൺസിൽ നടത്തുന്ന സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ റോഡിലിറക്കാതെ പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ദളിത് സംഘടനകളും എസ് യു സി ഐ , എസ് ഡി പി ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല. പതിവു പോലെ സർവ്വീസ് ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു.
സി പി എം , കോൺഗ്രസ്, ബി ജെ പി, മുസ്ലിം ലീഗ്, സി പി ഐ തുടങ്ങി മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു രംഗത്തുവന്നിട്ടില്ല. ഇതു നിതിൻ രാജ് ആക്ഷൻ കമ്മിറ്റിക്ക് തിരിച്ചടിയായിട്ടുണ്ട്.
