വേനലിൽ കത്തിക്കരിഞ്ഞ് കേരളം, ചുട്ടുപൊള്ളി വീടകങ്ങൾ, ലോഡ് താങ്ങാനാവാതെ വൈദ്യുതി ലൈനുകൾ

At Malayalam
1 Min Read

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നതിനിടയിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനജീവിതം ദുസ്സഹമാക്കുന്നു. വീടുകളിലും ഓഫീസുകളിലും ഫാനോ എ സിയോ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും പലയിടങ്ങളിലും വൈദ്യുതി വരവും പോക്കും പതിവായിരിക്കുകയാണ്.

ചൂടു കൂടിയതോടെ വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലും 25 ശതമാനം വർധിച്ചതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ലൈനുകളുടെ ശേഷിക്കപ്പുറം ലോഡു കൂടുമ്പോൾ വൻ അപകടങ്ങൾ ഒഴിവാക്കാനായി സംവിധാനങ്ങൾ സ്വമേധയാ ഓഫാകുന്നതാണ് ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സത്തിന് പിന്നിലെന്ന് അധികൃതർ.

ഓവർലോഡ് കാരണം ലൈനുകൾ ചൂടായി ഉരുകി പൊട്ടി വീഴുന്നത് തടയാനാണ് ഈ മുൻകരുതൽ നടപടി. രാത്രികാലങ്ങളിൽ ഉണ്ടാകുന്ന ഇത്തരം അപ്രഖ്യാപിത നിയന്ത്രണങ്ങൾ പലയിടങ്ങളിലും സെക്ഷൻ ഓഫീസുകളിൽ പൊതുജനങ്ങളും ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്.

സബ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പ്രധാന ലൈനുകളിൽ ഓവർലോഡ് അനുഭവപ്പെടുമ്പോൾ ഗ്രിഡ് തകരാതിരിക്കാൻ ഓരോ 11 കെ വി ഫീഡറിലും 15 മിനിറ്റ് വീതം നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. അല്ലാത്തപക്ഷം 110 കെ വി, 220 കെ വി ലൈനുകൾ തകരാറിലാകുകയും കേരളം മുഴുവൻ ഇരുട്ടിലാകുന്ന വലിയൊരു തകർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമെന്ന് അധികൃതർ.

- Advertisement -

ഈ സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് കർശനമായ സഹകരണം കെ എസ് ഇ ബി ആവശ്യപ്പെടുന്നു. രാത്രി ആറുമണി മുതൽ 12 മണിവരെയുള്ള സമയത്ത് അനാവശ്യമായ ലൈറ്റുകൾ ഓഫാക്കുക, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക, മോട്ടോർ പ്രവർത്തിപ്പിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ. ഇത്തരം സഹകരണം ഉണ്ടായാൽ മാത്രമേ നിലവിലെ വൈദ്യുതി വിതരണ സംവിധാനം തകരാറില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ എന്നും കെ എസ് ഇ ബി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment